യോഗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശതാബ്ദി ആഘോഷങ്ങൾ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Posted on: December 30, 2018

മുംബൈ : മുംബൈ യോഗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശതാബ്ദി ആഘോഷങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മൃദു ശക്തിയായ യോഗയ്ക്ക് ജനങ്ങളെയും സമൂഹത്തെയും രാജ്യങ്ങളെയും ഒന്നിപ്പിക്കുവാൻ കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. 100 വർഷം പൂർത്തിയാക്കിയ ചരിത്ര സ്ഥാപനത്തിനും അതിനോട് ചേർന്ന് നിന്നുയോഗയുടെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച പ്രവർത്തകർക്കും അദേഹം ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായ രാംനാഥ് കോവിന്ദിന്റെ ഭാര്യയും സന്നിഹിതയായിരുന്നു. മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഹൻസജി ജെ. യോഗേന്ദ്ര, മുംബൈ മേയർ വിശ്വനാഥ് മഹാദേശ്വർ, മോക്ഷയാദൻ ഇന്റർനാഷണൽ യോഗാശ്രമം സ്ഥാപകൻ സ്വാമി ഭരത് ഭൂഷൻ, സിബിഐ മുൻ ഡയറക്ടർ ഡോ. ഡി.ആർ. കാർത്തികേയൻ, പരമാർത്ഥ് നികേതൻ പ്രസിഡന്റ് സ്വാമി ചിതാനന്ദ് സരസ്വതി, ഇസ്‌കോണിന്റെ ഗൗർ ഗോപാൽ ദാസ്, പ്രമുഖ താരം കബീർ ബേദി തുടങ്ങിയവർ പങ്കെടുത്തു.

യോഗ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഹൻസജി ജെ. യോഗേന്ദ്രയുടെ ‘യോഗ ഫോർ ഓൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവർണർ സി. വിദ്യാസാഗർ റാവു നിർവഹിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുംബൈ ബാന്ദ്ര-കുർളയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ ഇന്ത്യയിലെ ഏറ്റവും വലിയ വെൽനസ് മേളയായ ഹാർമണി ഫെസ്റ്റും സംഘടിപ്പിച്ചു. പരിപാടിയിൽ അരലക്ഷം പേർ പങ്കെടുത്തു.