ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിംഗ് 737 മാക്‌സ് വിമാനം

Posted on: October 6, 2018

കൊച്ചി : ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിംഗ് 737 മാക്‌സ് വിമാനം ലഭിച്ചു. അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ യാത്രാനുഭവം പകരുക എന്ന ലക്ഷ്യവുമായി വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ശ്രേണിയിലേക്ക് ബോയിംഗ് 737 മാക്‌സ് കൂടി ഉള്‍പ്പെടുത്തുന്നത്.

ജൂണില്‍ ആദ്യ ബോയിംഗ് 737 മാക്‌സ് ലഭിച്ചതിനുശേഷം നാലെണ്ണം കൂടി ശ്രേണിയിലെത്തി. വിടി – ജെഎക്‌സ്ഇ എന്നാണ് അഞ്ചാമത്തെ വിമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ആറു ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ കൂടി എത്തിചേരും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 220 മാക്‌സ് വിമാനങ്ങള്‍ കൂടി ശ്രേണിയിലേക്കെത്തും. ഇന്ധനക്ഷമതയുള്ള ഈ ആധുനിക വിമാനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ജെറ്റ് എയര്‍വേസ്.

പുതിയ നൂതനമായ സിഎഫ്എം ലീപ്-1ബി എഞ്ചിനുള്ള 737 മാക്‌സ് മികച്ച പ്രകടനവും 15 ശതമാനം അധിക ഇന്ധന ക്ഷമതയും നല്‍കാന്‍ വേണ്ട രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഓരോ സീറ്റിനും വേണ്ടിവരുന്ന ചെലവു കുറയ്ക്കുന്നു. 40 ശതമാനം കുറവു ശബ്ദം, കാര്‍ബണ്‍ തള്ളല്‍ കുറവ് തുടങ്ങിയ സവിശേഷതകളുമുണ്ട്. 737 മാക്‌സിന്റെ ഉള്‍പ്പെടുത്തല്‍ ജെറ്റ് എയര്‍വേസിന്റെ ഫ്‌ളീറ്റ് ഘടന ലളിതമാക്കുമെന്ന് മാത്രമല്ല, മെയിന്റനന്‍സ് ചെലവും കുറയ്ക്കുമെന്ന് ജെറ്റ് എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ പറഞ്ഞു.

അസാധാരണ പ്രകടനം കാഴ്ചവയ്ക്കുന്ന 737 മാക്‌സിന്റെ സ്വന്തമാക്കല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും ഫ്‌ളീറ്റിന്റെ എണ്ണം കൂട്ടുന്നത് ഇന്ത്യന്‍ ഏവിയേഷനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും അതിഥികള്‍ ഞങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്ത് അവര്‍ക്ക് മികച്ച യാത്രാനുഭവം പകരുകയാണ് ലക്ഷ്യമെന്നും ജെറ്റ് എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ പറഞ്ഞു.

ബോയിംഗ് 737 മാക്‌സില്‍ രണ്ടു വേരിയന്റുകളിലായി രണ്ടു ക്ലാസുകളുണ്ട്. ഒന്നില്‍ 12 പ്രീമിയര്‍, 162 ഇക്കണോമി സീറ്റുകളാണുള്ളത്. മറ്റൊന്നില്‍ 12 പ്രീമിയര്‍, 156 എക്കണോമി ക്ലാസ് സീറ്റുകളുമുണ്ട്. പ്രീമിയര്‍ സീറ്റുകളില്‍ ഇന്‍ബില്‍റ്റ് യുഎസ്ബി പോര്‍ട്ടുകള്‍, ലാപ്‌ടോപ്പ് ചാര്‍ജറുകള്‍, പോര്‍ട്ടബിള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ഹോള്‍ഡറുകള്‍, കാലുകള്‍ സൗകര്യപ്രദമായി വയ്ക്കുവാനുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ഇക്കണോമി വിഭാഗത്തില്‍ വീതിയേറിയ സീറ്റ്, യുഎസ്ബി പോര്‍ട്ടുകള്‍, പോര്‍ട്ടബിള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ഹോള്‍ഡറുകള്‍, കോട്ട് ഹുക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. ആഭ്യന്തര, രാജ്യാന്തര യാത്രകളില്‍ പുതിയ മാക്‌സ് അഥിതികള്‍ക്ക് സുഖപ്രദമായ യാത്രാനുഭവം പകരുന്നു.

ഔറംഗബാദ്, ബെംഗളൂരു, കോയമ്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മാംഗളൂര്‍, മുംബൈ, പാട്‌ന, ഗോവ, ധാക്ക, കൊളംബോ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാക്‌സ് സര്‍വീസുണ്ട്. ജെറ്റ് എയര്‍വേസിന്റെ ബോയിംഗ് 737 മാക്‌സ് സര്‍വീസ് ആരംഭിച്ചിട്ട് ഇപ്പോള്‍ 2500 മണിക്കൂര്‍ യാത്ര പിന്നിട്ടു. 1100 ഡിപാര്‍ച്ചറുകളിലായി 165,000 അതിഥികള്‍ സര്‍വീസ് ഉപയോഗിച്ചു.