എസ് ബി ഐ ജൂൺ എട്ടിന് കർഷക മീറ്റ് നടത്തും

Posted on: June 6, 2017

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂൺ എട്ടിന് രാജ്യവ്യാപകമായി മെഗാ കർഷക മീറ്റ് സംഘടിപ്പിക്കും. ബാങ്കിന്റെ 15,500 ൽ അധികം വരുന്ന ഗ്രാമീണ, അർധനഗര ശാഖകളിലൂടെ പത്തു ലക്ഷം കർഷകരുമായി സംവദിക്കുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. എസ് ബി ഐ ശാഖകളിൽ ജൂൺ – 8 ന് കർഷകരിൽ നിന്നു പുതിയ വായ്പയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കും. നിലവിലുള്ള വായ്പ പുതുക്കൽ, വായ്പത്തുക വർധിപ്പിക്കൽ തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാർഷികമേഖല കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഈ മേഖലയിലേക്ക് വായ്പാവിതരണം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ കർഷക മീറ്റിന് മുൻകൈയെടുക്കുന്നതെന്ന് എസ്ബിഐയുടെ നാഷണൽ ബാങ്കിംഗ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രജനീഷ് കുമാർ പറഞ്ഞു. ഖാരിഫ് സീസൺ സമയത്ത് കൃഷിക്കാർക്ക് വിവിധ വിളകൾക്ക് വായ്പ ലഭ്യമാക്കുവാൻ ശാഖകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മുന്നു ലക്ഷം രൂപവരെയുള്ള കാർഷിക വായ്പയ്ക്ക്, സമയത്തു തിരിച്ചടച്ചാൽ വരുന്ന ഇഫക്ടീവ് പലിശ നാലു ശതമാനമാണ്. മെച്ചപ്പെട്ട മൺസൂൺ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഈ സീസണിൽ വായ്പയ്ക്ക് മികച്ച ഡിമാൻഡ് പ്രതീക്ഷിക്കുന്നതായി അദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം 4.1 ശതമാനം വളർച്ച നേടിയ കാർഷിക വളർച്ച നടപ്പുവർഷവും ഇതേ ദിശയിൽ നീങ്ങുമെന്നാണ് രജനീഷ് കുമാറിന്റെ വിലയിരുത്തൽ.

കാർഷിക വായ്പ മേഖലയിൽ ബാങ്കിന് 29 ശതമാനം വിപണി വിഹിതമുണ്ട്. സബ്‌സിഡിയറി ബാങ്കുകളുമായുള്ള ലയനത്തിനു മുമ്പ് എസ്ബിഐയുടെ കാർഷിക വായ്പ 2,70,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ ബാങ്കിന്റെ കാർഷിക വായ്പ മുൻവർഷത്തേക്കാൾ 9,000 കോടി രൂപ വർധിച്ചിട്ടുണ്ട്.