ആപ്പിൾ ഐഫോൺ 6 ഒക്ടോബർ 17 മുതൽ ഇന്ത്യൻ വിപണിയിൽ

Posted on: September 10, 2014

Apple-iphone-6-big

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 6 ഒക് ടോബർ 17 മുതൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എയർടെല്ലും എയർസെല്ലുമാണ് ആദ്യഘട്ടത്തിൽ ഐഫോൺ 6 ലഭ്യമാക്കുന്ന ടെലികോം ഓപറേറ്റർമാർ. പ്രധാന ഇ കൊമേഴ്‌സ് സൈറ്റുകളും ഐഫോൺ 6 അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

ഇന്നലെ ലോഞ്ച് ചെയ്ത ഐഫോൺ 6 സെപ്റ്റംബർ 19 മുതൽ അമേരിക്കൻ വിപണിയിലും ലഭ്യമാകും. ഈ വർഷം അവസാനത്തോടെ 115 രാജ്യങ്ങളിൽ ഐഫോൺ 6 ലഭ്യമാക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.

ഐഫോൺ 6 ന് 4.7 ഇഞ്ചും ഐഫോൺ 6 പ്ലസിന് 5.5 ഇഞ്ചും വലുപ്പമുള്ള സ്‌ക്രീനുകളാണുള്ളത്. ഐഒഎസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഐഫോൺ 6 പ്രവർത്തിക്കുന്നത്. റെറ്റിന ഹൈഡെഫനിഷൻ ഡിസ്‌പ്ലേയാണ് മറ്റൊരുന പ്രത്യേക. ഐഫോൺ 6 പ്ലസ് 24 മണിക്കൂർ 3ജി ടോക് ടൈമും ഐഫോൺ 6 14 മണിക്കൂർ 3ജി ടോക് ടൈമും വാഗ്ദാനം ചെയ്യുന്നു.

ഐഫോൺ 6 ന്റെ ഇന്ത്യയിലെ വില 53,000 മേൽ ആയിരിക്കുമെന്നാണ് വിപണിയിൽ കേൾക്കുന്നത്. ഐഫോൺ 6 (4.7) 16 ജിബി മെമ്മറിയുള്ള മോഡലിന് ഏകദേശം 53,500 രൂപയായിരിക്കും വില. 64 ജിബി മോഡലിന് 62,500 രൂപയും 128 ജിബിക്ക് 71,500 രൂപയുമായിരിക്കും വില. ഐഫോൺ 6 പ്ലസ് (5.5) 16 ജിബിക്ക് 62,500 രൂപയും 64 ജിബിക്ക് 71,500 രൂപയും 128 ജിബിക്ക് 80,500 രൂപയുമായിരിക്കും വില.