അബ്ദുൾഖാദർ തെരുവത്ത് കിയാൽ ഡയറക്ടർ

Posted on: October 3, 2016

abdul-qadir-theruvath-big

തിരുവനന്തപുരം : പ്രമുഖ പ്രവാസി വ്യവസായിയും ഗൾഫിലെ എക്‌സ്പ്രസ് പ്രിന്റിംഗ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൾഖാദർ തെരുവത്തിനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിയാൽ ഡയറക്ടർ ബോർഡ് യോഗമാണ് അബ്ദുൾ ഖാദറിനെ ഡയറക്ടറായി നിയമിച്ചത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുൾ ഖാദർ തെരുവത്ത് കെഎസ്‌ഐഡിസി, കെഎഫ്ഡിസി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമായി തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവള കമ്പനിയിൽ 25 കോടി രൂപയാണ് അദേഹം നിക്ഷേപിച്ചത്. കാസർഗോഡ് തെരുവത്ത് സ്വദേശിയാണ്.

കണ്ണൂർ വിമാനത്താവളത്തിന്റെയും ഉത്തരമലബാറിന്റെയും വികസനത്തിനും വളർച്ചയ്ക്കും വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിക്കുമെന്ന് ഡയറക് ടർ ബോർഡ് അംഗമായി ചുമതലയേറ്റ ശേഷം അബ്ദുൾഖാദർ തെരുവത്ത് പറഞ്ഞു. യുഎഇയിലെ ടെലികോം കമ്പനിയായ എത്തിസലാത്ത് ഉൾപ്പടെയുള്ള മുൻനിര കമ്പനികളുടെ പ്രസിദ്ധീകരണ ചുമതലകൾ നിർവഹിക്കുന്നത് അബ്ദുൾഖാദറിന്റെ എക്‌സ്പ്രസ് ഗ്രൂപ്പാണ്.