നെറ്റ്‌വർക്ക് തകരാർ : 100 മിനിട്ട് സൗജന്യകോളുകളുമായി ഐഡിയ

Posted on: July 3, 2016

Idea-Logo-Big

കൊച്ചി : കേരളത്തിലെ നെറ്റ്‌വർക്കുകൾ ഇന്നലെ തകരാറിലായതിനെ തുടർന്ന് 100 മിനിട്ട് സൗജന്യ കോളുകൾ അനുവദിക്കുമെന്ന് ഐഡിയ. ഉപയോക്താക്കൾക്കു നേരിട്ട ബുദ്ധിമുട്ടിനു പകരമായി നൂറ് മിനിട്ട് ലോക്കൽ അല്ലെങ്കിൽ എസ്ടിഡി സൗജന്യ കോളുകൾ നൽകുമെന്നും ഐഡിയ വ്യക്തമാക്കി. ഇന്നലെ അർധരാത്രി മുതൽ 48 മണിക്കൂറാണ് ഈ സൗജന്യ ഉപയോഗം ലഭിക്കുന്നത്. വൈദ്യുതിബന്ധം തകരാറിലായതിനാലാണു നെറ്റ്‌വർക്കിൽ തടസം നേരിട്ടത്. പ്രശ്‌നം പരിഹരിച്ചതായും ഐഡിയ സെല്ലുലാർ അറിയിച്ചു.

കോൾ, എസ്എംഎസ്, ഡാറ്റാ സേവനങ്ങൾ ഇന്നലെ രാവിലെ മുതൽ നിശ്ചലമായി. എയർടെൽ, വൊഡാഫോൺ തുടങ്ങിയ നെറ്റ്‌വർക്കുകളിലും ചിലേടങ്ങളിൽ തടസപ്പെട്ടു. ഉച്ചയോടെ ബിഎസ്എൻഎലിലെ ഫ്‌ളെക്‌സി റീചാർജിൽ തടസം നേരിട്ടതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.

എന്നാൽ തങ്ങളുടെ നെറ്റ്‌വർക്കുകൾ തടസപ്പെട്ടിട്ടില്ലെന്ന് എയർടെൽ, വോഡഫോൺ കമ്പനികൾ വ്യക്തമാക്കി. ഐഡിയയുമായി ടവർ ഷെയർ ചെയ്യുന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട തകരാറുകൾ സംഭവിച്ചതാകാമെന്നും കമ്പനികൾ വിശദീകരിച്ചു.