ഈജിപ്ത് എയർ വിമാനം മെഡിറ്ററേനിയൻ സമുദ്രത്തിൽ തകർന്നുവീണു

Posted on: May 19, 2016

EgyptAir-Airbus-A-320-200-B

കെയ്‌റോ : പാരീസിൽ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ട ഈജിപ്ത് എയർ വിമാനം മെഡിറ്ററേനിയൻ സമുദ്രത്തിൽ തകർന്നു വീണു. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.45 ന് ഈജിപ്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ അലക്‌സാൻഡ്രിയയ്ക്ക് സമീപമാണ് ദുരന്തം. 37,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം (ഫ്‌ളൈറ്റ് എംഎസ് 804) പൊട്ടിത്തെറിക്കുകയായിരുന്നു.

56 യാത്രക്കാരും 10 ജോലിക്കാരുമാണ് എയർബസ് എ-320 വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ 30 ഈജിപ്ത്കാരും 15 ഫ്രഞ്ച്, 2 ഇറാക്കി, കാനഡ, ബ്രിട്ടൺ, ബെൽജിയം, പോർട്ടുഗൽ, കുവൈറ്റ്, സൗദി അറേബ്യ, സുഡാൻ, ചാഡ്, അൾജീരിയ എന്നീരാജ്യങ്ങളിൽ നിന്ന് ഓരോരുത്തർ വീതവുമാണ് ഉണ്ടായിരുന്നത്. 2003 ൽ നിർമ്മിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഈജിപ്ത് എയർ വ്യക്തമാക്കി.

ഈജിപ്തിന്റെ മിലിട്ടറി ഹെലികോപ്ടറുകളും നാവികസേനയും വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കെയ്‌റോ എയർപോർട്ടിൽ ഈജിപ്ത് എയറിന്റെ ക്രൈസിസ് സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.