ഐസിഐസിഐ ബാങ്കും എൻഡിബിയും തമ്മിൽ ബിസിനസ് പങ്കാളിത്തം

Posted on: May 7, 2016

ICICI-Bank---NDB-preferred-

കൊച്ചി : ഐസിഐസിഐ ബാങ്കും ബ്രിക്‌സ് രാജ്യങ്ങൾ രൂപം കൊടുത്തിട്ടുള്ള ബഹുരാഷ്ട്ര ബാങ്കായ ന്യൂ ഡെവലപ്‌മെന്റ് ബാങ്കും (എൻഡിബി) ബിസിനസ് പങ്കാളിത്തത്തിന് ധാരണാപത്രം ഒപ്പുവച്ചു. ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാറും എൻഡിബി പ്രസിഡന്റ് കെ.വി കാമത്തുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. എൻഡിബിയുമായി ധാരണാപത്രം വയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

ബോണ്ട് ഇഷ്യു, കോ- ഫിനാൻസിംഗ്, ട്രഷറി മാനേജ്‌മെന്റ്, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളിൽ ഇരുകൂട്ടർക്കും പ്രയോജനകരമായ വിധത്തിൽ സ്ഥിരതയുള്ള ദീർഘകാല ബന്ധം വളർത്തിയെടുക്കുവാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. ഇരു കമ്പനികൾക്കുമുള്ള വിഭവശേഷിയും പ്രഫഷണൽ വൈദഗ്ധ്യവും ഇതിനായി ഉപയോഗപ്പെടുത്തും.

എൻഡിബിയും ഐസിഐസിഐ ബാങ്കും തമ്മിലുള്ള ധാരണ ഇന്ത്യയ്ക്കുള്ള ദീർഘകാല ധനകാര്യ സഹായം വർധിപ്പിക്കുവാനും സാധിക്കുമെന്ന് എൻഡിബി പ്രസിഡന്റ് കെ.വി. കാമത്ത് അഭിപ്രായപ്പെട്ടു.