ദീർഘവീക്ഷണത്തോടെയുള്ള ബജറ്റ് : ശ്യാം ശ്രീനിവാസൻ

Posted on: March 1, 2016

Shyam-Sreenivasan-FB-Big-a

കൊച്ചി : ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഒൻപത് മേഖലകൾക്ക് ഊന്നൽ നൽകുന്ന സമീപനം സ്വാഗതാർഹമാണ്. ഓരോ മേഖലകളും രാജ്യത്തിന്റെ വളർച്ചയ്ക്കും സമ്പദ്ഘടനയുടെ ഉന്നമനത്തിനും പ്രാധാന്യമർഹിക്കുന്നതാണ്. ധനക്കമ്മി നിയന്ത്രണവിധേയമാണെന്നത് ആത്മവിശ്വാസം തരുന്നു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം പകരുന്ന ബജറ്റിലെ പ്രഖ്യാപനങ്ങൾ ഗ്രാമീണ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്ന ബാങ്കുകൾക്ക് ഉപകാരപ്രദമാണ്. ബാങ്കറപ്‌സി നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ഗുണകരമാണ്. സർഫാസി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ധനകാര്യമേഖലയ്ക്ക് കരുത്ത് പകരും.

അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പണം നീക്കിവച്ചിട്ടുള്ളത് വളർച്ചാവേഗം കൂട്ടും. റോഡ് ഗതാഗത മേഖലയിൽ ബജറ്റ് മുന്നോട്ടുവച്ചിട്ടുള്ള പ്രഖ്യാപനങ്ങൾ തൊഴിലും സംരംഭകത്വവും വളർത്താൻ സഹായിക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതി, സ്റ്റാർട്ടപ്പുകൾക്കുള്ള കോർപറേറ്റ് ടാക്‌സ് ഇളവ് തുടങ്ങിയ നിർദേശങ്ങളും സ്വാഗതാർഹമാണെന്ന് ശ്യാം ശ്രീനിവാസൻ പറഞ്ഞു.