വളർച്ചാ ദിശ നൽകുന്ന ബജറ്റെന്ന് റാണ കപൂർ

Posted on: February 29, 2016

Rana-Kapoor-Yes-Bank-Big

മുംബൈ : ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ശക്തമായ വളർച്ചാ ദിശ നല്കുന്നതാണ് 2016-17-ലെ ബജറ്റ് നിർദ്ദേശങ്ങളെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണാ കപൂർ പറഞ്ഞു. സാമൂഹ്യമേഖലയുടെ ആവശ്യങ്ങൾ സാമ്പത്തിക, ബിസിനസ് മേഖലകൾക്കു അനുപേക്ഷണിയമായ വിധത്തിൽ സന്തുലനം ചെയ്യുവാൻ ധനമന്ത്രിക്കു സാധിച്ചിരിക്കുന്നു. ഒമ്പതു വിഭാഗങ്ങളായി തിരിച്ചു പദ്ധതികൾ നടപ്പാക്കാനുള്ള ബജറ്റിലെ നിർദേശങ്ങൾ അവ നടപ്പാക്കുന്നതിൽ ക്ലിപ്തതയും ശ്രദ്ധയും ഉറപ്പാക്കും.

ധനകമ്മി മൂന്നര ശതമാനത്തിൽ ഒതുക്കി നിർത്തുവാൻ സാധിക്കുമെന്നത് പണനയത്തിൽ അയവുള്ള സമീപനം സ്വീകരിക്കുവാൻ അവസരം സൃഷ്ടിക്കുകയാണ്. ഹ്രസ്വകാലത്തിൽതന്നെ നയ പലിശനിരക്കിൽ 0.5 ശതമാനം വെട്ടിക്കുറവ് വരുത്തുവാൻ അവസരമൊരുക്കുന്നു. 2016-ൽ പലിശനിരക്കിൽ 0.75 – 1.0 ശതമാനം വെട്ടിക്കുറവ് വരുത്താൻ ഇടയാക്കിയേക്കുമെന്ന് അദേഹം ചൂണ്ടിക്കാട്ടി.

അടിസ്ഥാനസൗകര്യമേഖലയ്ക്കു 2.2 ലക്ഷം കോടി രൂപ വകയിരുത്തൽ വളർച്ചയ്ക്കു ഊർജം പകരുവാൻ സഹായിക്കും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുവാൻ നിർദ്ദേശിച്ചിട്ടുള്ള നടപടികളും സ്റ്റാർട്ട് അപ്പുകൾ, ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായങ്ങൾക്ക് അനുകൂലമായ നികുതി സമീപനവും തൊഴിൽ സൃഷ്ടി വർധിപ്പിക്കുമെന്ന് റാണ കപൂർ വിലയിരുത്തി.