ഐസിഐസിഐ ബാങ്ക് ആഫ്രിക്കയിൽ ആദ്യ ശാഖ തുറന്നു

Posted on: January 21, 2016

ICICI-Bank-big

കൊച്ചി : ഐസിഐസിഐ ബാങ്ക് സൗത്ത് ആഫ്രിക്കയിൽ ആദ്യത്തെ ശാഖ തുറന്നു. ജൊഹാനാസ് ബർഗിലെ ശസാൻഡ് ടൗണിലാണ് ശാഖ പ്രവർത്തിക്കുന്നത്.  ആഫ്രിക്കൻ ഭുഖണ്ഡത്തിൽ ശാഖ തുറക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്വകാര്യമേഖല ബാങ്കാണ് ഐസിഐസിഐ.

ദക്ഷിണാഫ്രിക്കയിൽ ആദ്യത്തെ ശാഖ തുറക്കാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ച് ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് വിജയ് ചന്ദോക്ക് പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിലധികമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെട്ടതിന്റെ തെളിവാണ് പുതിയ ശാഖയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ കമ്പനികളുടെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റുവാൻ പുതിയ ശാഖ സഹായിക്കും. അതേപോലെ ദക്ഷിണാഫ്രിക്കൻ കമ്പനികൾക്കു ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഐസിഐസിഐ ബാങ്ക് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ ഇന്ത്യൻ കമ്പനികൾ, സംയുക്ത സംരംഭങ്ങൾ, സബ്‌സിഡിയറികൾ തുടങ്ങിയവയ്ക്കു മാത്രമാണ് ധനകാര്യസേവനങ്ങൾ ലഭ്യമാക്കുകയുള്ളു.