ആയുർവേദ ഗവേഷണ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞ്

Posted on: January 4, 2016

Ayurveda-Medical-Associatio

കൊച്ചി : ആയുർവേദ ചികിത്സാ രംഗത്ത് ഗവേഷണ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ആയുർവേദ വിദ്യാഭ്യാസ രംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുമെന്നും മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ മുപ്പത്തിയേഴാം സംസ്ഥാന വാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദ രംഗത്ത് പി ജി പഠനത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. രാജ്യത്തിന് തന്നെ അഭിമാനകരമായ തരത്തിലുള്ള ചികിത്സയാണ് കേരളത്തിൽ ആയുർവേദത്തിൽ ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ആൾക്കാർ ആയുർവേദ ചികിത്സക്കായി കേരളത്തിൽ എത്തുന്നത് ഇതിനു തെളിവാണെന്നും മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

അസോസിയേഷന്റെ ഭിഷക് രത്‌ന അവാർഡ് ഡോ. സി.ഡി.സഹദേവൻ (തൊടുപുഴ), ആയുർവേദ പ്രചാരകൻ പുരസ്‌കാരം ഡോ. കെ. ജ്യോതിലാൽ (തിരുവനന്തപുരം), മാധ്യമ അവാർഡ് മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ് പി.കെ. ജയചന്ദ്രൻ, ആര്യ ഔഷധി ഭിഷക് പ്രവീൺ അവാർഡ് ഡോ. ഹുറയാർ കുട്ടി (പാലക്കാട്), ലെജൻഡ് ഭിഷക് പ്രതിഭ പുരസ്‌കാരം ഡോ. വഹീദ റഹ്മാൻ (പത്തനംതിട്ട), യംഗ് സയന്റിസ്റ്റ് അവാർഡ് ഡോ. ദേവി ആർ നായർ (തൃശൂർ) എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ഡോ. വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ സാദത്ത് എം എൽ എ മുഖ്യാതിഥിയായിരുന്നു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് വി വി രമേശൻ, ഡോ. കെ. അനിൽ കുമാർ, ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ.നളിനാക്ഷൻ, ഡോ.രഘുനാഥൻ നായർ, ഡോ.ഷർമദ് ഖാൻ, ഡോ.എ. അജയൻ, ഡോ.പി.എം. വാര്യർ, ഡോ.ബേബി കൃഷ്ണൻ, ഡോ.എസ്. ജി. രമേശ് വാര്യർ, ഡോ. ഹണി പ്രസാദ്, ഡോ.കിരാത മൂർത്തി, ഡോ. ദേവരാജൻ, ഡോ.കെ.എ. റിയാസ്, ഡോ. ജയ് മോഹൻ ദേവ് എന്നിവർ സംസാരിച്ചു.

അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. രജിത് ആനന്ദൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഡോ.ദേവിദാസ് വെള്ളോഡി നന്ദിയും പറഞ്ഞു. ആയുർവേദ സർവകലാശാല എത്രയും പെട്ടെന്ന് പ്രവർത്തനം ആരംഭിക്കണമെന്നും ആയുർവേദ ഡോക്ടർമാരുടെ ഉപരി പഠന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.