വിഴിഞ്ഞം നിർമ്മാണോദ്ഘാടനം ഡിസംബർ 5 ന്

Posted on: December 2, 2015

Vizhinjam-Seaport-Master-Pl

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും ഡിസംബർ അഞ്ചിന് വൈകുന്നേരം 4.30 ന് വിഴിഞ്ഞം മുക്കോലയിൽ നടക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുറമുഖ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അധ്യക്ഷതവഹിക്കും.

സ്പീക്കർ എൻ. ശക്തൻ, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ് പദ്ധതി സംബന്ധിയായ സർക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കും.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ സന്തോഷ് കുമാർ മൊഹാപാത്ര വിഴിഞ്ഞം തുറമുഖ പദ്ധതി വിശദീകരിക്കും. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, കെ.പി. മോഹനൻ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ കെ. എം. ചന്ദ്രശേഖർ, മേയർ വി. കെ. പ്രശാന്ത്, ഡോ. ശശി തരൂർ എംപി, ഡോ. ടി. എൻ. സീമ എം പി, ജമീല പ്രകാശം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ പ്രസംഗിക്കും.

ചീഫ് സെക്രട്ടറി ജിജി തോംസൺ സ്വാഗതവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.എസ്. സുരേഷ് ബാബു നന്ദിയും പറയും.