വിഴിഞ്ഞം 1000 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അദാനി

Posted on: August 17, 2015

 

Vizhinjam-Port-MOU-Ceremony

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി 1,000 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗൗതം അദാനി. പദ്ധതി ഏറ്റെടുക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അദാനി ഗ്രൂപ്പിനുള്ള അംഗീകാരമാണ് വിഴിഞ്ഞം പദ്ധതി. നവംബർ ഒന്നിന് പദ്ധതിയുടെ നിർമാണം ആരംഭിക്കും. വിഴിഞ്ഞത്തെ രാജ്യാന്തര നിലവാരമുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു, ധനകാര്യമന്ത്രി കെ. എം. മാണി, കരൺ അദാനി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അദാനി പോർട്ട്‌സ് സിഇഒ സന്തോഷ് മഹാപത്രയും കേരള സർക്കാരിന് വേണ്ടി തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വർഗീസുമാണ് കരാറിൽ ഒപ്പുവച്ചത്. 7525 കോടി രൂപ മുതൽമുടക്കുള്ള പദ്ധതി രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്. 5552 കോടി രൂപ മുതൽ മുടക്കുള്ള ഒന്നാം ഘട്ടം നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് കരാർ.

പദ്ധതിക്കു പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത്രം ബൃഹത്തായ പദ്ധതി കേരളത്തിന്റെ വികസനചരിത്രത്തിൽ നാഴികക്കല്ലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാർട്ടി നേതൃയോഗം പാണക്കാട്ട് നടക്കുന്നതിനാൽ ലീഗ് മന്ത്രിമാർ കരാർ ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തില്ല. എൽഡിഎഫും ചടങ്ങ് ബഹിഷ്‌കരിച്ചു.