എസ് ബി ടി ക്ക് 4469 കോടിയുടെ നിക്ഷേപ വളർച്ച

Posted on: August 5, 2014

SBT-HO-TVM-B

നടപ്പു സാമ്പത്തിക വർഷ ഒന്നാം ക്വാർട്ടറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ആകെ ബിസിനസ് 1,63,801 കോടി രൂപ കടന്നു. മൊത്തം നിക്ഷേപം കഴിഞ്ഞവർഷം ഇതേകാലത്തെ 88,736 കോടിയിൽ നിന്ന് 5.71 ശതമാനം വളർച്ചയോടെ 93,806 കോടി രൂപയായി.

2014 ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ 1,547 കോടി രൂപ വളർച്ചയോടെ പ്രവാസി നിക്ഷേപങ്ങൾ 26,510 കോടി രൂപയായി. വായ്പ 3.48 ശതമാനം വർഷാനുവർഷ വളർച്ചയോടെ 67,640 കോടി രൂപയിൽ നിന്ന് 69,995 കോടി രൂപയായി.

ഒന്നാം ക്വാർട്ടറിൽ ബാങ്കിന്റെ മുൻഗണനാവിഭാഗ വായ്പകൾ 29,791 കോടി രൂപയിലെത്തി. ബാങ്ക് 596 സ്വാശ്രയസംഘങ്ങൾക്ക് ധനസഹായം നല്കി. 2014 ജൂൺ 30-നു സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകത്വ വായ്പകൾ 6,042 കോടി രൂപയായി.

ഒന്നാം ക്വാർട്ടറിൽ എസ് ബി ടി 50.03 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. പലിശവരുമാനം 2013 ജൂണിലെ 582 കോടി രൂപയെയപേക്ഷിച്ച് ഈവർഷം ഒന്നാം ക്വാർട്ടറിൽ 525 കോടി രൂപയായി. മുൻ വർഷ സമാന കാലയളവിൽ 253 കോടി രൂപയുടെ സ്ഥാനത്ത് ആകെ പലിശേതര വരുമാനം 221 കോടി രൂപയായി. കഴിഞ്ഞ വർഷം ഒന്നാം ക്വാർട്ടറിലെ 2,617 കോടി രൂപയുടെ സ്ഥാനത്ത് 2014 ജൂണിൽ മൊത്തവരുമാനം 2,644 കോടി രൂപയാണ്.

ഒന്നാം ക്വാർട്ടറിൽ മൊബൈൽ ബാങ്കിംഗ് രജിസ്‌ട്രേഷനുകളുടെ എണ്ണം 6,083 കോടി രൂപ വർധിച്ച് 1.67 ലക്ഷമായി. ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ടുകളുടെ എണ്ണം 35,741 കൂടി ചേർന്ന് 7.52 ലക്ഷമായി. ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം എന്നിവയുടെ ഉപയോഗം ബാങ്ക് ഊർജിതമായി പ്രോത്സാഹിപ്പിക്കുന്നു.

നടപ്പുവർഷം ജൂൺ 30-ലെ കണക്കുപ്രകാരം ആകെ 1127 ശാഖകളും ആകെ 1383 എടിഎമ്മുകളുമായി 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും ബാങ്കിന് സാന്നിധ്യമുണ്ട്. കേരളത്തിൽ ബാങ്കിനു 824 ശാഖകളും 1092 എടിഎമ്മുകളുമുണ്ട്. സാമ്പത്തികാഗിരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളിൽ 25.62 ലക്ഷം അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞതായി എസ് ബി ടി അറിയിച്ചു.

TAGS: SBT | SBT Q1 |