ഗ്രന്റ്‌ഫോസിന്റെ ലൈഫ്‌ലിങ്ക് സാങ്കേതികവിദ്യ ഇന്ത്യയിൽ

Posted on: October 14, 2015

Grundfos-AQtap-water-dispen

കൊച്ചി : വികസ്വര രാജ്യങ്ങളിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുദ്ദേശിച്ച് ഗ്രന്റ്‌ഫോസ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഇന്ത്യയിലും എത്തി. ജലവിതരണ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾ വഴിയാണ് ഗ്രന്റ്‌ഫോസ് ലൈഫ്‌ലിങ്ക് നടപ്പാക്കുന്നത്.

ജലം ശേഖരിക്കുന്ന വിധം, ജല വിതരണശൃംഖലയുടെ അറ്റകുറ്റപ്പണികൾ, ജല വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്തൽ, പരമ്പര്യേതര ഊർജ മാർഗങ്ങൾ ഉപയോഗപ്പെടുത്തൽ തുടങ്ങിയവ ഗ്രന്റ്‌ഫോസിന്റെ ലൈഫ്‌ലിങ്ക് സാങ്കേതിക വിദ്യയുടെ ഭാഗമാണ്. വലുതും ചെറുമായ എല്ലാ ജല വിതരണ പദ്ധതികൾക്കും അനുയോജ്യമായിട്ടുള്ളവയാണ് ലൈഫ്‌ലിങ്ക് പ്രശ്‌നപരിഹാരം. കുടിവെള്ള വിതരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുമായും ലൈഫ്‌ലിങ്ക് സാങ്കേതികവിദ്യ പങ്കുവയ്ക്കാൻ തയ്യാറാണെന്ന് ഗ്രന്റ്‌ഫോസ് ലൈഫ്‌ലിങ്ക് മാനേജിംഗ് ഡയറക്ടർ പീറ്റർ ട്രോഡ്ബർഗ് പറഞ്ഞു.

രാജ്യത്തെ കുടിവെള്ള പ്രശ്‌നത്തിന് തക്ക പരിഹാരം കാണാൻ ലൈഫ്‌ലിങ്ക് സഹായകമാകുമെന്ന് ഗ്രന്റ്‌ഫോസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ എൻ. കെ. രാങ്കനാഥ് പറഞ്ഞു. ജലവിതരണത്തിന് സൗരോർജം ഉപയോഗപ്പെടുത്തുക വഴി പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാണ് ലൈഫ്‌ലിങ്ക് പദ്ധതി.

രാജ്യത്തെ തുച്ഛ വരുമാനക്കാർക്ക് ശുദ്ധജലം എത്തിച്ചു കൊടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇ-കുടിർ എന്ന സാമൂഹ്യ സംഘടനയുമായി സഹകരിച്ചാണ് തുടക്കത്തിൽ ലൈഫ്‌ലിങ്ക് പദ്ധതി നടപ്പാക്കുന്നത്. ഇ കുടിറിന്റെ സബ്‌സിഡിയറിയായ ‘സ്വാധാവാഷ്’ ആണ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഗ്രന്റ്‌ഫോസ് അവർക്ക് സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനു പുറമെ ജലശുദ്ധീകരണത്തിനും മറ്റുമുള്ള ഉപകരണങ്ങളും നൽകുന്നതാണ്.

ഇതോടനുബന്ധിച്ച് ഗ്രന്റ്‌ഫോസ് എക്യൂടാപ്, ഗ്രന്റ്‌ഫോസ് എക്യൂപ്യൂർ എന്നീ ഉത്പന്നങ്ങളും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. ജലവിതരണത്തിലേർപ്പെടുന്ന ചെറുകിടക്കാർക്ക് ഉപയോഗിക്കാവുന്നതാണ് എക്യൂടാപ്. ജലത്തിന്റെ അളവ് കാണിക്കുന്ന ഈ ഉപകരണമുപയോഗിച്ച് കിയോസ്‌ക്കുകൾ വഴി വെള്ളം വിൽപന നടത്താവുന്നതാണ്. ഈ ജല വിൽപന ഉപകരണം പൊതു ജല വിതരണ പൈപ്പുകളുമായി ബന്ധിപ്പിക്കാവുന്നതാണ്. അഴുക്ക് ജലം ശുദ്ധീകരിച്ച് ശുദ്ധജലമാക്കാൻ സഹായകമായ ഉപകരണമാണ് എക്യൂപ്യൂർ.