മുത്തൂറ്റ് ഫിനാൻസ് എൻസിഡി ഇഷ്യു

Posted on: September 18, 2015

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നോൺകൺവേർട്ടിബിൾ ഡിബഞ്ചർ ( എൻസിഡി) ഇഷ്യുവിലൂടെ 250 കോടി രൂപ സ്വരൂപിക്കും. ഇഷ്യു ഒക്‌ടോബർ ഏഴിന് അവസാനിക്കും.

ആയിരം രൂപ മുഖവിലയുളള 25 ലക്ഷം കടപ്പത്രങ്ങളാണ് കമ്പനി പുറപ്പെടുവിക്കുന്നത്. അധിക അപേക്ഷകളുണ്ടായാൽ 250 കോടി രൂപ കൂടി സമാഹരിക്കാനും അനുമതിയുണ്ട്. അതായത് മൊത്തം 500 കോടി രൂപയാണ് സ്വരൂപിക്കുക. കുറഞ്ഞ നിക്ഷേപം 10 എൻസിഡിയാണ്. അതായത് 10,000 രൂപ. കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

നാനൂറ് ദിവസം മുതൽ 60 മാസം വരെ വിവിധ കാലയളവുകളിലുളള എൻസിഡിയിൽ നിക്ഷേപം നടത്താം. വിഭാഗം, കാലാവധി എന്നിവ അനുസരിച്ച് എൻസിഡിക്ക് 8.75 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശ ലഭിക്കും. വിഭാഗം രണ്ടിൽ വരുന്ന കോർപറേറ്റ് നിക്ഷേപകർ, വിഭാഗം മൂന്നിൽ വരുന്ന ചെറുകിട നിക്ഷേപകർ തുടങ്ങിയവർക്ക് കാലാവധി മുഴുവൻ നടത്തുന്ന നിക്ഷേപത്തിന് 0.75 ശതമാനം അധികം പലിശ ലഭിക്കും.

എൺപത്തിനാലു മാസത്തെ കാലാവധിയിലുളള സെക്വർ അല്ലാത്ത എൻസിഡിക്ക് 9.66-10.41 ശതമാനമാണ് പലിശ. ഉയർന്ന സുരക്ഷിതത്വം വ്യക്തമാക്കുന്ന ക്രിസിൽ ഡബിൾ എ റേറ്റിംഗും ഇക്രയുടെ സ്റ്റേബിൾ റേറ്റിംഗും ഈ എൻസിഡിക്കുണ്ട്. മുത്തൂറ്റ് ഫിനാൻസ് നടത്തുന്ന പതിമൂന്നാമത്തെ എൻസിഡി ഇഷ്യുവാണിത്.

കമ്പനിയുടെ വായ്പ, നിക്ഷേപം, നിലവിലുളള വായ്പകളുടെ തിരിച്ചടവ്, ബിസിനസ് പ്രവർത്തനങ്ങൾക്കുളള മൂലധനനിക്ഷേപം, പ്രവർത്തനമൂലധനം തുടങ്ങി വിവിധ ധനകാര്യ പ്രവർത്തനങ്ങളുടെ ആവശ്യത്തിനാണ് കമ്പനി ഈ തുക ഉപയോഗിക്കുക.