ബയോഫാക് ഇന്ത്യയും ഇന്ത്യ ഓർഗാനിക്കും നവംബർ 5 മുതൽ

Posted on: September 4, 2015

Biofach-India-2015-Big

കൊച്ചി : ഏഷ്യയിലെ ഏറ്റവും വലിയ ജൈവ വിപണന മേളയായ ബയോഫാക് ഇന്ത്യയും, ഇന്ത്യ ഓർഗാനിക് 2015 വിപണന മേളയും കൊച്ചിയിൽ നടക്കും. മേളയുടെ ഏഴാമത് എഡിഷനാണ് നവംബർ 5 മുതൽ 7 വരെ അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നത്. ഓർഗാനിക് അഗ്രി ബിസിനസ് മേഖലയിലെ പ്രമുഖ ഏജൻസിയായ ഇന്റർനാഷനൽ കോമ്പീറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചറും ( ഐസിസിഒഎ ) നൻബെർഗ് മെസ്സേ ഇന്ത്യയും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 52 കോടി രൂപയുടെ വാണിജ്യ ഇടപാടുകളാണ് ബയോഫാകിൽ നടന്നത്.

ജൈവ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ, ഉപകരണങ്ങൾ, ബി ടു ബി മീറ്റിങ്ങുകൾ, ബി ടു സി ഈവന്റ്, തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകും. നൂറ്റിയമ്പതോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. ജൈവ വിപണിയെ കുറിച്ചും സാധ്യതകളെ കുറിച്ചുമുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ വിദേശ പ്രതിനിധികളടക്കം പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്കും കർഷക സംഘംങ്ങൾക്കും ജൈവ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാകും ഇത്.

അമേരിക്ക, ജർമനി, ഇറ്റലി, സൗത്ത് കൊറിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ബയർമാർ മേളക്കെത്തും. ഇന്ത്യയിലെ ജൈവോത്പന്നങ്ങൾക്കും ജൈവ കർഷകർക്കും അന്താരാഷ്ട്ര വിപണി തുറക്കുന്ന അവസരം കൂടിയാണിത്. ജൈവോത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പരിസ്ഥിതി സുസ്ഥിരതയെ കുറിച്ചും അവബോധന പരിപാടികളും കുട്ടികൾക്കായി ന്യൂട്രീഷനൽ ക്ലാസുകളും നടക്കും.

ബയോഫാകിനോടനുബന്ധിച്ച് നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ ശാസ്ത്രീയവും വാണിജ്യപരമായും ജൈവോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടക്കും. ജൈവ കാർഷിക മേഖലയിലെ 40 ഓളം ദേശീയ, അന്തർദേശീയ വിദഗ്ധർ കോൺഫറൻസിനെത്തും. കർഷകർക്കായി ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. 15,000 ലേറെ കർഷകർ കഴിഞ്ഞ വർഷം ബയോഫാകിന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തിരുന്നു.

ഐസിസിഒഎ എക്‌സിക്യുട്ടീവ് ഡയറക്ടർ മനോജ് കുമാർ മേനോൻ, നൻബെർഗ് മെസ്സേ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സോണിയ പ്രഷാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.