ഐബിഎംസി സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു

Posted on: November 27, 2013

IBMC-b

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇൻസ്റ്റിറ്റിയൂട്ടും ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പും സംയുക്തമായി കേരളത്തിൽ സ്‌കിൽ ഡവലപ്പ്‌മെന്റ് കോഴ്‌സുകൾക്കു തുടക്കമിട്ടു. കരിയർ ഓറിയന്റഡ് ഫിനാൻഷ്യൽ എഡ്യുക്കേഷൻ പ്രോഗ്രമിന്റെയും ഐബിഎംസി സ്റ്റുഡന്റ്‌സ് ഇൻവെസ്റ്റേഴ്‌സ് ക്ലബിന്റെയും ഉദ്ഘാടനം കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇൻസ്റ്റിറ്റിയൂട്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അംബരീഷ് ദത്ത നിർവഹിച്ചു.

കഴിഞ്ഞ കാൽനൂറ്റാണ്ടായി ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖലകളിൽ സ്‌കിൽ ഡവലപ്പ്‌മെന്റ് പ്രവർത്തനങ്ങളുമായി ബിഎസ്ഇ രംഗത്തുണ്ടെന്ന് അംബരീഷ് ദത്ത ചൂണ്ടിക്കാട്ടി. സ്റ്റുഡന്റ്‌സ് ഇൻവെസ്റ്റേഴ്‌സ് ക്ലബ് അംഗങ്ങൾക്ക് ഐബിഎംസി ഗ്രൂപ്പിലൂടെ ആഗോള തലത്തിലെ ലൈവ് ഫിനാൻഷ്യൽ പ്ലാറ്റ്‌ഫോമുകളുമായി ബന്ധം പുലർത്താൻ അവസരം ലഭിക്കുമെന്നു ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് ഡയറക്ടറും സിഇഒയുമായ പി.കെ. സജിത്ത് കുമാർ പറഞ്ഞു.

60 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ ചേരാൻ വിദ്യാർത്ഥികൾ 2,000 രൂപ നൽകിയാൽ മതി. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു 3,000 രൂപ ഐബിഎംസി തിരികെ നൽകും. 10,0000 രൂപ ഫീസ് നിരക്കുള്ള കോഴ്‌സ് സൗജന്യമായി പൂർത്തിയാക്കാനുള്ള അവസരമാണ് ഐബിഎംസി ഓഫർ ചെയ്യുന്നതെന്ന് സജിത്ത് കുമാർ വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള ആദ്യ ബാച്ച് എംപാനൽഡ് പ്രൊഫഷണൽ ഇൻസ്ട്രക്ടർമാരായ ഐബിഎംസി അഡൈ്വസറി പാനൽ അംഗം ഡോ. പ്രഫ. ജോർജ് വി. ആന്റണി, കൊച്ചിൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ ഫിനാൻഷ്യൽ മാനേജർ സുരേഷ് വൈദ്യനാഥ്, ഐബിഎംസി ഫിനാൻഷ്യൽ റിസർച്ച് വിഭാഗം തലവൻ ബിജു തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ കെ.എൻ. മർസൂക്ക്, കൊച്ചിൻ സ്റ്റോക്ക് എക്‌സിചേഞ്ച് മുൻ പ്രസിഡന്റ് കെ.വി. തോമസ്, ബിഎസ്ഇ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ അക്കാഡമിക്‌സ് ആൻഡ് പ്രോഡക്റ്റ്‌സ് വിഭാഗം മേധാവി വിനോദ് നായർ, ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് സിഎംഒ പി.എസ്. അനൂപ്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.