ഈസ്‌റ്റേണിന്റെ പത്താമത്തെ ഫാക്ടറി ലക്‌നൗവിൽ

Posted on: July 15, 2015

Eastern-Firoz-Meeran-big

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന്റെ പത്താമത്തെ ഫാക്ടറി ഉത്തർ പ്രദേശിലെ ലക്‌നൗവിൽ തുടങ്ങും. രണ്ടുവർഷത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കുന്ന ഫാക്ടറിക്കായി 20 കോടി രൂപ മുതൽമുടക്കുമെന്ന് നിക്ഷേപിക്കുന്നതെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

ജൂൺ 30 ന് അവസാനിച്ച നടപ്പു ധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ മുൻവർഷം ഇതേകാലയളവിനേക്കാൾ 19 ശതമാനം വളർച്ചകൈവരിച്ചു. കേരളത്തിനു വെളിയിലുള്ള വ്യാപാരത്തിൽ 55 ശതമാനം വർധനവും വരുമാനം 250 കോടി കവിയുകയും ചെയ്തു. വിപണിയോട് ഏറ്റവും അടുത്തുനിൽക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ലക്‌നൗവിൽ പ്ലാന്റ് തുടങ്ങുന്നതെന്നും ഫിറോസ് വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരായ ഈസ്‌റ്റേൺ ഗ്രൂപ്പിന് കയറ്റുമതിയിൽ 22 ശതമാനം വർധനവുണ്ടായിട്ടുണ്ട്. കേരളത്തിലെ സുസ്ഥിരമായ ആഭ്യന്തര വിപണിയിൽ മൂന്നു ശതമാനത്തിന്റെയും വളർച്ചയുണ്ട്. കഴിഞ്ഞ ഒമ്പതു ത്രൈമാസങ്ങളിലായി രേഖപ്പെടുത്തിയ തുടർച്ചയായ വളർച്ച ഈസ്റ്റേണിന്റെ നേരിട്ടുള്ള വിപണന മാതൃകയുടെ വിജയവും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് പ്രതിഫലിക്കുന്നതെന്ന് ഫിറോസ് മീരാൻ പറഞ്ഞു.

കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച കർണാടകയിലെ ധർവാഡിൽ നിർമാണം പുരോഗമിക്കുന്ന ഒമ്പതാമത്തെ പ്ലാന്റിൽ അടുത്തവർഷം വാണിജ്യോത്പാദനം തുടങ്ങുമെന്ന് ഫിറോസ് മീരാൻ പറഞ്ഞു. കേരളത്തിലെ മൂന്നും ഗൾഫിലെ ഒന്നും ഉത്പാദനകേന്ദ്രങ്ങൾക്കൊപ്പം മഹാരാഷ്ട്രയിലെ രസായനി, ഉത്തർപ്രദേശിലെ ഘാസിയാബാദ്, തമിഴ്‌നാട്ടിലെ തേനി, ആന്ധ്രപ്രദേശിലെ ഗുണ്ടൂർ എന്നിവിടങ്ങളിലുമാണ് ഈസ്റ്റേണിന് ഫാക്ടറികളുള്ളത്.