വ്യാജപ്രചാരണം : ഈസ്റ്റേൺ ഹൈക്കോടതിയെ സമീപിച്ചു

Posted on: July 30, 2018

കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ ഈസ്റ്റേൺ ഉത്പന്നങ്ങൾക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളായ ഫേസ് ബുക്ക്, യൂട്യൂബ്, ഗൂഗിൾ തുടങ്ങിയവയ്ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ തങ്ങൾ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസ്ഥാന വിവര സാങ്കേതികവിദ്യാ വകുപ്പു സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷം സത്യവാങ് മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയുടെ മറപിടിച്ച് നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾ കമ്പനിയുടെ യശസിന് കളങ്കം വരുത്തുന്നുവെന്ന് ഈസ്റ്റേൺ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ തങ്ങളുടെ നിവേദനങ്ങളിൽ നടപടിയെടുക്കാൻ ഇടനിലക്കാരായ ഫേസ് ബുക്ക്, യുട്യൂബ്, ഗൂഗിൾ തുടങ്ങിയവർ പരാജയപ്പെട്ടതായും ഈസ്റ്റേൺ ചൂണ്ടിക്കാട്ടി. ഐ.ടി. നിയമം 2000, ഐ.ടി. (ഇടനിലക്കാർക്കായുള്ള മാർഗനിർദ്ദേശക) ചട്ടം 2011 എന്നിവ പ്രകാരം ഇക്കാര്യത്തിൽ ഇവർക്കു ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഈസ്റ്റേൺ ഹൈക്കോടതിയെ സമീപിച്ചത്.
*