ബാങ്ക് സമരം പിൻവലിച്ചു

Posted on: July 14, 2015

Ramesh-Chennithala-Big

തിരുവനന്തപുരം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതിനെ തുടർന്ന് ഇന്നും നാളെയുമായി നടത്താനിരുന്ന സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. ഇന്നലെ നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.വി മോഹനനെ മതിയായ കാരണമോ നോട്ടീസോ കൂടാതെപിരിച്ചുവിട്ട മാനേജ്‌മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമരം നടത്താനായിരുന്നു ബാങ്ക് ജീവനക്കാരുടെ തീരുമാനം. മോഹനനെതിരെയുള്ള നടപടി തൽക്കാലം മരവിപ്പിക്കാമെന്ന് ധനലക്ഷ്മി ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികൾ മന്ത്രിക്ക് ഉറപ്പുനൽകി.

മോഹനന് എതിരായ നടപടി രണ്ടുമാസത്തിന് ശേഷം പുനരവലോകനം ചെയ്ത് അന്തിമ തീരുമാനം എടുക്കും. അതുവരെ അദ്ദേഹം ജോലിക്ക് കയറാൻ പാടില്ലെന്നാണ് ധാരണ. സമരത്തിന്റെ പേരിൽ ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ എടുക്കാനോ അച്ചടക്കനടപടികൾ സ്വീകരിക്കാനോ പാടില്ലെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു നേതാവ് എളമരം കരീം, സി.പി.ഐ നേതാവ് കെ.പി ശങ്കരദാസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.