ഐസിഐസിഐ ബാങ്ക് ചൈനയിൽ ആദ്യ ശാഖ തുറന്നു

Posted on: May 16, 2015

ICICI-Bank-Branch-big

മുംബൈ : ഐസിഐസിഐ ബാങ്കിന്റെ ചൈനയിലെ ആദ്യത്തെ ശാഖ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഷാംഗ്ഹായിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കിന്റെ ഷാംഗ്ഹായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ ബാങ്ക് എംഡിയും സിഇഒയുമായ ചാന്ദാ കൊച്ചാറും വാണിജ്യ മേഖലയുടെ ഉന്നത പ്രതിനിധികളും സംബന്ധിച്ചു.

യുകെയും കാനഡയും ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളിൽ ശാഖകളും പ്രതിനിധി ഓഫീസുകളുമുള്ള ഐസിഐസിഐ ബാങ്കിന്റെ അന്തർദ്ദേശീയ പ്രവർത്തന ശൃംഖലയിലെ സുപ്രധാന കണ്ണിയാണ് ചൈനയിലെ ശാഖ. ഷാംഗ്ഹായിൽ 2003 മാർച്ച് മുതൽ പ്രവർത്തിച്ചുവന്നിരുന്ന പ്രതിനിധി ഓഫിസാണ് ശാഖയായി ഉയർത്തിയിരിക്കുന്നതെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സുഗമവും കാര്യക്ഷമവുമാകാൻ പുതിയ ശാഖ ഇടയാക്കുമെന്നും ചാന്ദാ കൊച്ചാർ പറഞ്ഞു.

ചൈനയിലും ഇന്ത്യയിലും പുതിയ നിക്ഷേപ സാധ്യതകൾ തുറന്നുകിട്ടാനും ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം പുതിയ ഉയരങ്ങളിലെത്താനും പുതിയ ശാഖ ഉപകരിക്കും. വിദഗ്ദ്ധ പരിശിലനം ലഭിച്ച 17 പ്രഫഷണലുകളെയാണ് പുതിയ ശാഖയിലേക്കു നിയോഗിച്ചിട്ടുള്ളതെന്നും ചാന്ദാ കൊച്ചാർ അറിയിച്ചു.

TAGS: ICICI BANK |