സെപ്റ്റംബര്‍ 15 വരെ 50 ശതമാനം വരെ വിലക്കിഴിവുമായി കയര്‍ഫെഡ്

Posted on: August 12, 2023

തിരുവനന്തപുരം : ഓണം പ്രമാണിച്ച് വിലക്കിഴിവില്‍ സംസ്ഥാന മൊട്ടാകെ വില്പനശാലകള്‍ സജ്ജമായെന്നു കയര്‍ഫെഡ്. സെപ്റ്റംബര്‍ 15 വരെ 50 ശതമാനം വരെ വിലക്കിഴിവിലാണു വില്‍പന. ”മിന്നും പൊന്നോണം’ എന്ന പേരിലുള്ള ഓണ സമ്മാന പദ്ധതിമന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു. 2000 രൂപയ്ക്കു മുകളില്‍ ഉത്പന്നം വാങ്ങുന്നവര്‍ക്കാണു നറുക്കെടുപ്പിലൂടെ ഒരു ഗ്രാം മുതല്‍ മൂന്നു പവന്‍ വരെ സ്വര്‍ണം സമ്മാനമായി ലഭിക്കുക.

റബറൈസ്ഡ് കയര്‍ മെത്ത, മാറ്റ്, മാറ്റിംഗ്‌സ്, ടൈല്‍, ചവിട്ടി, ജൈവ വളം, കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങിയ ഉല്‍പന്നങ്ങളാണു വിപണിയിലെത്തിച്ചത്. കയര്‍ഫെഡിന്റെ ബ്രാന്‍ഡഡ് ഉല്‍പന്നമായ മെത്തയ്ക്ക് 50 ശതമാനം വിലക്കുറവിനു പുറമേ സമ്മാനങ്ങളും ലഭിക്കും. ഒന്നുാങ്ങിയാല്‍ ഒന്നു സൗജന്യം നല്‍കുന്ന ഓഫറുമുണ്ട്. സര്‍ക്കാര്‍, പൊതുമേഖല, കയര്‍മേഖല, സഹകരണമേഖല, മാധ്യമമേഖല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സ്ഥാപനത്തിന്റെ തിരിച്ചറിയില്‍ രേഖയുമായി എത്തിയാല്‍ 38 ശതമാനം വിലക്കിഴിവ് നല്‍കും. വില്പനശാലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറിയുമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയും ഓണക്കാലത്ത് ഉത്പന്നങ്ങള്‍ വിറ്റഴിക്കും. കയര്‍ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.

നാഷനല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 500 തൊഴിലാളികള്‍ക്കു പരിശീലനം നല്‍കും. കയര്‍ഫെഡില്‍ ബാക്കിയിരുന്ന കയര്‍ വിലക്കിഴിവില്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരു ഇതനുസരിച്ച്, 26640.48 ക്വിന്റല്‍ കയര്‍ വിറ്റഴിക്കാനായെന്നു കയര്‍ഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാര്‍, കയര്‍ വകുപ്പ് ഡയറക്ടര്‍ വി.ആര്‍.വിനോദ് എന്നിവര്‍ പറഞ്ഞു. പുതിയതായി സംഭരിച്ച കയര്‍ 12326.22 ക്വിന്റലും വില്‍ക്കാനായി. കയര്‍ സംഘങ്ങളുടെ കുടിശികയില്‍ 21 കോടി രൂപ വിതരണം ചെയ്യാന്‍ കഴിഞ്ഞു.

 

TAGS: Coirfed |