ഇവോക്ക് വാര്‍ഷിക സമ്മേളനം 28ന് കൊച്ചിയില്‍

Posted on: May 27, 2023

കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിള്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം മെയ് 28ന് കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പുമന്ത്രി പി രാജീവ് സമ്മേളനം ഉത്ഘാടനം നിര്‍വഹിക്കും.

ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ രംഗത്തെ മുന്‍നിര കേരള സ്റ്റാര്‍ട്ട്അപ്പായ ചാര്‍ജ്‌മോഡുമായി സഹകരിച്ച് സഹകരിച്ച് സംസ്ഥാനമോട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഉത്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

ഇവോക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഉപയോഗം വാഹന ഉടമകള്‍ക്ക് എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ചാര്‍ജിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ എറണാകുളം എംപി ഹൈബി ഈഡന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രശ്‌നരഹിതമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേങ്ങളും സംസ്ഥാനമോട്ടാകെ നല്‍കി വരുന്ന സംഘടയാണ് ഇവോക്(EVOK). രാജ്യത്തെ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനും പ്രചരിപ്പിക്കുന്നതിനുമുള്ള വിവിധ ഏജന്‍സികളുടെ ഉദ്യമങ്ങളെ പിന്തുണക്കുകയും സഹായിക്കുകയുമാണ് ഇവോക്കിന്റെ മുഖ്യ ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കേരളമുടനീളം 30 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഇവോക് സ്ഥാപിക്കുന്നത്. അവ ഉപഭോക്തൃ സൗഹൃദമാക്കാന്‍ ചാര്‍ജിംഗ് മൊബൈല്‍ അപ്ലിക്കേഷനും അവതരിപ്പിക്കുന്നുണ്ട്. സമീപ ഭാവിയില്‍ തന്നെ സംസ്ഥാനത്ത് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇവോക് ലക്ഷ്യമിടുന്നു. കൂടാതെ വീടുകളില്‍ സൗരോര്‍ജ്ജ ഉപഭോഗം വര്‍ദ്ധിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ സൗരോര്‍ജ്ജത്തില്‍ ചാര്‍ജ് ചെയ്യുക, മറ്റ് പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും ഇവോക് നേതൃത്വം നല്‍കുന്നുണ്ട്

കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കെഎസ്ഇബി ചെയര്‍മാന്‍ ഡോ രാജന്‍ എന്‍ ഖൊബ്രഗഡെ ഐഎഎസ്, സിറ്റി പോലിസ് കമ്മീഷണര്‍ സേതുരാമന്‍ ഐപിഎസ്, ചാര്‍ജ്‌മോഡ് സിഇഒ രാമാനുണ്ണി, ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബൈലിറ്റി സീനിയര്‍ മാനേജര്‍ നിതിന്‍ ഫിലിപ്പ്, സംസ്ഥാനത്തെ നൂറുകണക്കിന് ഇലക്ട്രിക് വാഹന ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.