കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്നു തുടക്കം

Posted on: March 30, 2022


തിരുവനന്തപുരം: ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ഇന്ന് (30/3/2022) തിരി തെളിയും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സരസ്‌മേള ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, അഡ്വ.ആന്റിണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ സ്വാഗതം പറയും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ വിഷയാവതരണം നടത്തും.കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഏഴാമത് സരസ് മേളയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെ 20 സംസ്ഥാനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

ആന്ധ്ര പ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ,ഒഡീഷ പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. സന്ദര്‍ശകരെ വരവേല്‍ക്കാന്‍ 60000 ചതുരശ്ര അടിയിലുള്ള പവിലിയനും അതില്‍ 237 സ്റ്റാളുകളും സജ്ജീകരിച്ചു. ഇതില്‍ 62 എണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സംരംഭകര്‍ക്കും ബാക്കി 175 എണ്ണം കേരളത്തിനുമാണ്. അറുനൂറിലേറെ സംരംഭകരാണ് മേളയില്‍ പങ്കെടുക്കുക.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്‌ക്കാരവും പാരമ്പര്യത്തനിമയും ഒത്തിണങ്ങുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് സരസ് മേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പൗരാണിക ഭംഗി തുളുമ്പുന്ന കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ തുടങ്ങി ഗൃഹോപകരണങ്ങള്‍ വരെ സംരംഭകരില്‍ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങാനുള്ള അവസരമാണ് സരസ് മേളയില്‍ ലഭിക്കുക.

15000 ചതുരശ്ര അടിയില്‍ തീര്‍ത്തിട്ടുള്ള ‘ഇന്ത്യാ ഫുഡ് കോര്‍ട്ടാ’ണ് സരസ് മേളയുടെ മറ്റൊരാകര്‍ഷണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വനിതാ കാറ്ററിങ്ങ് സംരംഭകരും കഫേ കുടുംബശ്രീ വനിതകളും ചേര്‍ന്ന് മുന്നൂറിലേറെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കും. കുടുംബശ്രീയുടെ കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്രൂപ്പുകളും ഫുഡ് കോര്‍ട്ടില്‍ പങ്കെടുക്കും. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷനാണ് ഇതിന്റെ ചുമതല. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെ കലാകാരന്‍മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും ചര്‍ച്ചകളും എല്ലാ ദിവസവും വേദിയില്‍ അരങ്ങേറും.

ഹരിതചട്ടം പാലിച്ചു സംഘടിപ്പിക്കുന്ന മേളയില്‍ പ്‌ളാസ്റ്റിക് ഒഴിവാക്കും. മേളയുടെ സുരക്ഷയ്ക്കായി പോലീസ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ ടീം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി 28 കലാകാരികള്‍ ചേര്‍ന്നവതരിപ്പിക്കുന്ന രണ്ടു സംഗീത ശില്പ്പങ്ങളും മൂന്നു നാടകവും കൂടാതെ സരസ് മേളയുടെ തീം സോങ്ങിന്റെ ദൃശ്യാവിഷ്‌കാരവും നിശാഗന്ധിയില്‍ അരങ്ങേറും. പരിപാടിയില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു നന്ദി പറയും.