ഫൈബര്‍ ടു ഹോം കേബിളുകളുടെ വാണിജ്യാടിസ്ഥാനത്തിലെ ഉത്പാദനം ആരംഭിച്ച് എച്ച്എഫ്‌സിഎല്‍

Posted on: December 18, 2020

കൊച്ചി : എച്ച്എഫ്‌സിഎല്‍ ഹൈദരാബാദില്‍ നിന്ന് ഫൈബര്‍ ടു ഹോം കേബിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ആരംഭിച്ചു. ഹൈദരാബാദില്‍ പുതുതായി നിര്‍മാണം ആരംഭിച്ചതോടെ എച്ച്എഫ്‌സിഎല്‍ തങ്ങളുടെ സബ്‌സിഡിയറി കമ്പനിയുമായി ചേര്‍ന്ന് രാജ്യത്തെ ഫൈബര്‍ ടു ഹോം കേബിളുകളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായി മാറി. പ്രതിവര്‍ഷം ആറു ലക്ഷം കിലോമീറ്റര്‍ ശേഷിയാണ് ഇതോടെ കൈവരിച്ചിട്ടുള്ളത്.

2020 ജനുവരിയില്‍ കമ്മീഷന്‍ ചെയ്ത ഹൈദരാബ് പ്ലാന്റിനു വേണ്ടി കമ്പനി നേരത്തെ 260 കോടി രൂപ നിക്ഷേപിച്ചിരുന്നു. കമ്പനിയുടെ വികസന പദ്ധതികള്‍ക്കായി കമ്പനി ഹൈദരാബാദില്‍ ഇതുവരെ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ ശക്തമാകുന്നതിനായി സര്‍ക്കാര്‍-സ്വകാര്യ ടെലകോം കമ്പനികള്‍ ശ്രമം നടത്തുന്നതോടെ ഇന്ത്യയിലെ ഫൈബര്‍ ടു ഹോം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്എഫ്‌സിഎല്‍ മാനേജിംഗ് 
ഡയറക്ടര്‍ മഹേന്ദ്ര നഹാത ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നല്‍കുന്നതിനു പുറമെ കമ്പനി മുപ്പതിലേറെ രാജ്യങ്ങളിലേക്ക് ഫൈബര്‍ ടു ഹോം കേബിളുകള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്.