ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുവദിക്കണമെന്ന് കെസിഎ

Posted on: June 9, 2020

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീം കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയതാണ്. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും. കൂടാതെ 1 കോടി രൂപ ജിസിഡിഎയ്ക്ക് ഡെപ്പോസിറ്റായിയും നൽകിയിട്ടുണ്ട്. ഐഎസ്എൽ മത്സരങ്ങൾ ആരംഭിച്ചതിന് ശേഷം കൊച്ചിയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾ കൂടി നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ ജിസിഡിഎയ്ക്ക് കത്ത് നൽകി.

കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആഗ്രഹിക്കുന്നത്. നിലവിൽ മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികൾക്ക് മത്സരം കാണാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐഎസ്എൽ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് സ്റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഐഎസ്എൽ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അനുവദിക്കണമെന്ന് കെസിഎ പ്രസിഡന്റ് സജൻ വർഗീസ് സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായർ എന്നിവർ അറയിച്ചു.