ഇന്ത്യൻ വിപണിയിൽ സ്വർണാഭരണങ്ങൾക്ക് ഉയർന്ന ഡിമാൻഡ്

Posted on: November 13, 2014

GOLD-ORNAMENTS-BIG

ഇന്ത്യൻ വിപണിയിൽ മൂന്നാം ക്വാർട്ടറിൽ സ്വർണാഭരണങ്ങൾക്ക് 60 ശതമാനം വളർച്ച. ഈക്കാലയളവിൽ 183 ടൺ സ്വർണാഭരണങ്ങളാണ് ഉപയോഗിച്ചത്. ഇന്ത്യയിൽ ഇറക്കുമതി നിയന്ത്രിക്കുകയും ഇറക്കുമതി നിരക്കുകൾ വർധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മൂന്നാം ക്വാർട്ടറിൽ ആഭരണങ്ങളുടെ ഡിമാൻഡ് കുറവായിരുന്നു. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റങ്ങളും പുതിയ സർക്കാർ നിലവിൽ വന്നതും വിപണിയിൽ ചലനങ്ങളുണ്ടാക്കി. ദീപാവലിക്കാലത്ത് മികച്ച സ്വർണവിൽപ്പനയാണ് നടന്നത്.

ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ജൂലൈ മുതൽ സെപ്റ്റംബർ കാലയളവിൽ രണ്ടു ശതമാനം കുറഞ്ഞു. മൂന്നാം ക്വാർട്ടറിൽ കഴിഞ്ഞ വർഷം 953 ടണ്ണായിരുന്നു ഡിമാൻഡ് എങ്കിൽ ഈ വർഷം ഡിമാൻഡ് 929 ടണ്ണായി കുറഞ്ഞുവെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആഭരണങ്ങളുടെ ഡിമാൻഡിൽ നാലു ശതമാനമാണ് കുറവുണ്ടായത്. 534 ടൺ ആഭരണങ്ങളാണ് ഈ മൂന്നുമാസക്കാലത്ത് ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 556 ടൺ ആയിരുന്നു ഡിമാൻഡ്. എന്നാൽ ത്രൈമാസ ശരാശരിയായ 527.6 ടണ്ണിലും അൽപ്പം കൂടുതലാണിത്.

ചൈനയിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് 39 ശതമാനം ഇടിഞ്ഞു. എന്നാൽ, അമേരിക്കയിലും യുകെയിലും ആഭരണങ്ങളുടെ ഡിമാൻഡ് വർധിച്ചു. അമേരിക്കയിൽ 4 ശതമാനം വർധനയുമായി 34 ടൺ ആയിരുന്നു ആഭരണങ്ങളുടെ ഡിമാൻഡ്.

ഗോൾഡ് ബാറുകളിലും നാണയങ്ങളിലുമുള്ള നിക്ഷേപം 21 ശതമാനം ഇടിഞ്ഞ് 246 ടണ്ണിലെത്തി. ഇടിഎഫ് ഔട്ട്ഫ്‌ളോ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 699 ടൺ ആയിരുന്നത് സെപ്റ്റംബർ വരെയുള്ള ക്വാർട്ടറുകളിൽ 84 ടൺ ആയിരുന്നു.

സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ ക്വാർട്ടറിൽ 93 ടൺ സ്വർണം വാങ്ങി. ഈ വർഷം ഇതുവരെ സെൻട്രൽ ബാങ്കുകൾ 335 ടൺ സ്വർണമാണ് വാങ്ങിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കുകൾ വാങ്ങിയത് 324 ടണ്ണായിരുന്നു.

ആകെ സപ്ലൈ ഏഴു ശതമാനം കുറഞ്ഞ് 1048 ടണ്ണിലെത്തി. കഴിഞ്ഞ വർഷം സപ്ലൈ 1129 ടൺ ആയിരുന്നു. മൈനുകളിലെ ഉത്പാദനം ഒരു ശതമാനം വർധിച്ച് 812 ടണ്ണിലെത്തി. എന്നാൽ, റീസൈക്ലിംഗ് 2007-ലെ അപേക്ഷിച്ച് ഇടിഞ്ഞ് 807 ടണ്ണിലെത്തി.