പണമിടപാടിനു മികച്ച മാര്‍ഗമായി യുപിഐ അവതരിപ്പിച്ച് എന്‍പിസിഐയുടെ പ്രചാരണം

Posted on: February 25, 2020

കൊച്ചി: ലളിതമായും സുരക്ഷിതമായും പെട്ടെന്ന് നടത്താവുന്ന പേയ്‌മെന്റ് മോഡലായി യുപിഐയെ പ്രചരിപ്പിക്കുന്നതിനായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഈ രംഗത്തെ മറ്റ് പെയ്‌മെന്റ് സംവിധാനങ്ങളുമായി ചേര്‍ന്ന് ‘യുപിഐ ചലേഗ’ എന്ന പ്രചാരണ പരിപാടി ആരംഭിച്ചു. യുപിഐ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ശീലങ്ങളില്‍ മാറ്റം വരുത്തി യുപിഐ ഉപയോഗം നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയുമാണ് ലക്ഷ്യം. യുപിഐ സാധ്യമായ ആപ്പുകളിലൂടെ ഇടപാടുകള്‍ നടത്തുമ്പോഴുള്ള സുരക്ഷിതത്വത്തെ കുറിച്ചും പ്രചാരണം മനസിലാക്കികൊടുക്കുന്നു.

മറ്റ് ഏത് പേയ്‌മെന്റ് മോഡിനേക്കാളും എളുപ്പത്തില്‍ യുപിഐ വഴി ഇടപാടുകള്‍ നടത്താമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം, എത്ര സുരക്ഷിതമായി ഇത് ഉപയോഗിക്കാമെന്ന് പ്രചരിപ്പിച്ച് എല്ലാ പ്രായക്കാരെയും ബോധവല്‍ക്കരിക്കുകയാണ് ഈ പ്രചാരണ പരിപാടിയിലൂടെ. പച്ചക്കറി കട, പെട്രോള്‍ പമ്പ്, റെസ്റ്റോറന്റ്, ഇ-കൊമേഴ്‌സ്, ബില്‍ അടയ്ക്കല്‍ തുടങ്ങിയ നിത്യ ആവശ്യങ്ങള്‍ക്കെല്ലാം യുപിഐ ഉപയോഗിക്കാമെന്ന് യുപിഐ ചലേഗ പ്രചാരണത്തില്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നു.

പ്രചാരണം നിര്‍മിച്ച ഒഗില്‍വി ആന്‍ഡ് മേത്തര്‍ സൃഷ്ടിച്ച മിസിസ് റാവു എന്ന കഥാപാത്രമാണ് യുപിഐ ബ്രാന്‍ഡ് വക്താവാകുന്നത്. കൈയില്‍ പണം ഇല്ലാതാകുമ്പോള്‍ മിസിസ് റാവു പ്രത്യക്ഷപ്പെട്ട് പരിഹാരമായി യുപിഐ ഇടപാട് അവതരിപ്പിക്കുന്നു.

TAGS: NPCI |