തെരുവുനായ വിഷയത്തിൽ അലംഭാവം വെടിയണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Posted on: June 13, 2017

കൊച്ചി : വയോധികനെ കടിച്ചു കീറി കൊന്ന തെരുവുനായ്ക്കളെ പിടികൂടി വധിച്ച സംഭവത്തിൽ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത് നിരാശാവഹമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. മനുഷ്യജീവനാണ് നായ്ക്കളേക്കാൾ പ്രാധാന്യമെന്നും തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ഉടനടി നൽകണമെന്നും പറഞ്ഞ സുപ്രീം കോടതി തന്നെയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

അപകടകാരികളായ ആനയേയും, പുലിയേയും, ദേശീയ മൃഗമായ കടുവയെപ്പോലും മനുഷ്യാവകാശ നിയമം നിലനിർത്തി ജനരക്ഷയ്ക്കായി വധിക്കാൻ നിയമതടസമില്ലെന്നത് മറന്നുകൂടാ. ഇനി കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ തെരുവുനായപ്രശ്‌നത്തിന്റെ ഗൗരവവും വ്യാപ്തിയും അറിയാത്ത ഏതെങ്കിലും മൃഗസ്‌നേഹികൾ കേസ് കൊടുത്താൽത്തന്നെ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സംസ്ഥാനസർക്കാർ ഈ കേസ് ഏറ്റെടുത്ത് സുപ്രീം കോടതിയിൽ നിന്നും മാനുഷിക പരിഗണനയോടെയുള്ള ഒരു ഉത്തരവ് ലഭ്യമാക്കാൻ ശ്രമിക്കേണ്ടതാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.