അതിവേഗ റെയില്‍ പദ്ധതി ലാഭകരം

Posted on: May 20, 2019

തിരുവന്തപുരം : കൊച്ചുവേളി കാസര്‍കോട് അതിവേഗ റെയില്‍ പാത (സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍) സാമ്പത്തികമായി ലാഭകരമാണെന്നും പ്രായോഗികമാണെന്നും പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഫ്രഞ്ച് കമ്പനി സിസ്ട്രയുടെ സാധ്യതാപഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കാമെന്നും പ്രതിവര്‍ഷം മുടക്കുമുതലിന്റെ 6% വരുമാനം നേടാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

531 കിലോമീറ്റര്‍ നീളുന്ന പുതിയ ഇരട്ടപാതകളിലായി മണിക്കൂറില്‍ 130-180 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ സഞ്ചരിക്കും. കൊച്ചുവേളിയില്‍ നിന്നു 4 മണിക്കൂര്‍ കൊണ്ടു കാസര്‍കോട് എത്താം. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 10 സ്‌റ്റേഷനുകളാണു പാതയില്‍ ഉണ്ടാവുക. 300 കിലോമീറ്റര്‍ വരുന്ന തിരുവന്തപുരം – ഷൊര്‍ണൂര്‍ സെക്ഷനില്‍ നിലവിലുള്ള റെയില്‍ പാതയില്‍ നിന്ന് അകലെയായിരിക്കും പുതിയ പാതകള്‍. തിരുനാവായ മുതല്‍ കാസര്‍കോടുവരെ നിലവിലുള്ളതിനു സമാന്തരമായും വടകരയിലും തലശ്ശേരിയിലും നിലവിലെ പാതയെ മുറിച്ചു കടക്കുന്ന തരത്തിലുമാണു പാതകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ ആര്‍ ഡി സി എല്‍) രൂപീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് ഉള്‍പ്പെടെ 56,000 കോടി രൂപയാണു പദ്ധതിച്ചെലവ്.