ലോക ഹൃദയ ദിനത്തില്‍ ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് ‘ ക്യാംപയിന് തുടക്കം കുറിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

Posted on: September 30, 2022

കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ലോക ഹൃദയ ദിനത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് ക്യാംപയിന്റെ ഭാഗമായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.

ഓരോ വ്യക്തിയും നടക്കുന്ന 10,000 ചുവടുകള്‍ക്ക് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ നിര്‍ധനരായ കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് 100 രൂപ എന്ന നിലയില്‍ സംഭാവന ചെയ്യുന്നതാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് പദ്ധതി. ഒക്ടോബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ക്യാംപയിനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് heart2heart.astervolunteers.com ലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയില്‍ പങ്കാളിയാകുന്ന ഓരോരുത്തരും നടക്കുന്ന ഓരോ ചുവടും നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാട്ടി ‘റണ്‍ എ മൈല്‍’ , ബ്രിംഗ് എ സ്‌മൈല്‍’ , ‘റണ്‍ ഫോര്‍ എ കോസ്’ എന്ന ആശയം ഉള്‍കൊണ്ടാണ് ആസ്റ്റര്‍ മെഡ്സിറ്റി മാരത്തണ്‍ സംഘടിപ്പിച്ചത്.

ക്വീന്‍സ് വാക്ക് വേയില്‍ നടന്ന മാരത്തണ്‍ കേരള പോലീസ് മുന്‍ ഡിജിപിയും, കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടറുമായ ലോകനാഥ് ബെഹ്‌റ ഐപിഎസ്, ഫ്‌ളാഗ് ഓഫ് ചെയ്തു. ഹൃദയാരോഗ്യത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ കുമാര്‍ ആര്‍ സംസാരിച്ചു. ഹാര്‍ട്ട് ടു ഹാര്‍ട്ട് ക്യാമ്പയിനിന്റെ പ്രസക്തിയെക്കുറിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, കേരള ആന്‍ഡ് ഒമാന്‍ ക്ലസ്റ്റര്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ വിശദീകരിച്ചു.

മാരത്തണിലും, അനുബന്ധമായി നടന്ന ഫിറ്റ്‌നസ് ചലഞ്ചുകള്‍, സുംബ എന്നിവയിലും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട 300 ലധികം പേര്‍ പങ്കെടുത്തു. മാരത്തണിന്റെ ഭാഗമായവര്‍ക്ക് സൗജന്യം ടീ ഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും ആസ്റ്റര്‍ മെഡ്സിറ്റി വിതരണം ചെയ്തു.

 

TAGS: World Heart Day |