കരള്‍മാറ്റ ശസ്ത്രക്രിയ; ചുരുങ്ങിയ ചെലവിലുള്ള തുടര്‍ചികിത്സയ്ക്ക് കിംസ്‌ഹെല്‍ത്ത്

Posted on: April 20, 2022

തിരുവനന്തപുരം : കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ തുടര്‍ചികിത്സ സാധ്യമാക്കുന്നതിനു വേണ്ടി കരള്‍ മാറ്റിവയ്ക്കല്‍ രോഗികളുടെ സംഘടനയായ ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള (ലിഫോക്) യുമായി ചേര്‍ന്ന് കിംസ്‌ഹെല്‍ത്ത് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ലോക കരള്‍ ദിനത്തിന്റെ ഭാഗമായി കിംസ്‌ഹെല്‍ത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനവും ലിവര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറിന്റെ (9539537777) പ്രകാശനവും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

ജീവിതശൈലി രോഗങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് ഏറെ ഗൗരവമായി കാണണമെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. അപൂര്‍വ്വമായ പല രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യം ഇപ്പോഴുണ്ട്. വിദേശത്തു മാത്രം സാധ്യമെന്നു കരുതിയിരുന്ന കരള്‍മാറ്റിവയ്ക്കല്‍ പോലുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ കിംസ്‌ഹെല്‍ത്ത് അതിന്റെ സ്തുത്യര്‍ഹമായ സേവനത്തിലൂടെ സാധ്യമാക്കി. 140 കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കിംസ്‌ഹെല്‍ത്തിനായി എന്നത് അഭിമാനകരമാണ്. വിശിഷ്ടസേവനം നടത്താന്‍ ശേഷിയുള്ള ഡോക്ടര്‍മാരും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും കിംസ്‌ഹെല്‍ത്തിനെ ആതുരചികിത്സാ രംഗത്തെ വിജയകരമായ സാന്നിധ്യമാക്കുന്നു. ചെലവേറിയ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കാനായി ഇളവ് നല്‍കുന്നതില്‍ കിംസ്‌ഹെല്‍ത്ത് മാതൃകയാണ്. കരള്‍മാറ്റ ശസ്ത്രക്രിയയില്‍ തുടര്‍ചികിത്സ ആവശ്യമായവര്‍ക്കായുള്ള വിപുലമായ കര്‍മ്മപദ്ധതിക്കാണ് കിംസ്‌ഹെല്‍ത്ത് ഇപ്പോള്‍ തുടക്കമിട്ടിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കരള്‍മാറ്റ ശസ്ത്രക്രിയക്കു ശേഷം ആളുകള്‍ വളരെ ആരോഗ്യത്തോടെ ജീവിക്കുന്ന നിരവധി മാതൃകകള്‍ നമുക്ക് മുന്നിലുണ്ടെന്നും ഇതിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. കരള്‍ രോഗം വന്നാല്‍ എങ്ങനെ ചികിത്സിക്കാമെന്നും അതിന്റെ ചെലവുകള്‍ എങ്ങനെ വഹിക്കാമെന്നുമുള്ള ചിന്ത ഏറെ പ്രസക്തമാണ്. ഇക്കാര്യത്തില്‍ കിംസ്‌ഹെല്‍ത്ത് സിഎസ്ആര്‍ വഴിയും ലിവര്‍ ഫൗണ്ടേഷന്‍ വഴിയും കഴിയുന്നത്ര ചെലവ് കുറച്ചുകൊണ്ടുള്ള ചികിത്സാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡ് വഴി ലഭിക്കുന്ന ചികിത്സാനുകൂല്യം രോഗികള്‍ക്ക് പ്രയോജനപ്പെടുമെന്നും ഡോ.എം.ഐ.സഹദുള്ള കൂട്ടിച്ചേര്‍ത്തു.

കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ തുടര്‍ചികിത്സയില്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ടെന്നും ഇത് കുറച്ചുകൊണ്ടുവരാനുള്ള കിംസ്‌ഹെല്‍ത്തിന്റെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള സ്റ്റേറ്റ് ലെയ്‌സന്‍ ഓഫീസറും ജില്ലാ പ്രസിഡന്റുമായ അഡ്വ.ഡി.ഭുവനേന്ദ്രന്‍ നായര്‍ പറഞ്ഞു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ സഹായം എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ തുടരണം. സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ കരള്‍രോഗ ചികിത്സയ്ക്കായി കിംസ്‌ഹെല്‍ത്ത് ആവിഷ്‌കരിച്ച സ്പര്‍ശം പദ്ധതി പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിംസ്‌ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്, കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ടും ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.പ്രവീണ്‍ മുരളീധരന്‍, കിംസ്‌ഹെല്‍ത്ത് ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ.മധു ശശിധരന്‍, കിംസ്‌ഹെല്‍ത്ത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി കണ്‍സള്‍ട്ടന്റുമാരായ ഡോ.ഷിറാസ് എ.റാതര്‍, ഡോ.വര്‍ഗീസ് എല്‍ദോ എന്നിവര്‍ സംബന്ധിച്ചു.

 

TAGS: KIMS HEALTH |