കിംസ്‌ഹെല്‍ത്ത് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഗമം സംഘടിപ്പിച്ചു

Posted on: October 21, 2021

തിരുവനന്തപുരം : ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി കിംസ്‌ഹെല്‍ത്ത് ‘ഹീറോസ് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഗമം സംഘടിപ്പിച്ചു. അപകട വേളകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിലമതിക്കാനാകാത്ത സേവനമനുഷ്ഠിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിക്കാനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 50ല്‍ പരം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി ബി.കൃഷ്ണകുമാര്‍ പരിപാടിയുടെ ഉദ്ഘാടനവും ആംബുലന്‍സ് റാലിയുടെ ഫ്‌ളാഗ് ഓഫും നിര്‍വ്വഹിച്ചു. ഒരു തൊഴില്‍ എന്നതിലുപരി സ്തുത്യര്‍ഹമായ സാമൂഹ്യ സേവനമാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി. അതു ചെയ്യുന്നതില്‍ ഡോക്ടര്‍മാരെ പോലെ തന്നെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും പങ്ക് ഏറെ വലുതാണ്. ഒരു സാധാരണ ഡ്രൈവര്‍ക്ക് നല്ല ആംബുലന്‍സ് ഡ്രൈവര്‍ ആകാനാകില്ല. അത്ര ശ്രദ്ധയും കാര്യക്ഷമതയും വേണ്ടുന്ന ജോലിയാണിത്. ട്രോമാ ദിനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആദരവ് നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചതിലൂടെ കിംസ്‌ഹെല്‍ത്ത് വലിയ പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംബുലന്‍സ് ഓടിക്കുന്നതിലുള്ള പരിശീലനത്തിനൊപ്പം ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കൂടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പരിശീലനം നേടണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും എം.ഡിയുമായ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം എന്ന പേരില്‍ അടിയന്തര ഘട്ടങ്ങളിലുള്ള രക്ഷാപ്രവര്‍ത്തനത്തിനായുള്ള സൗജന്യ പരിശീലനം കിംസ്‌ഹെല്‍ത്ത് നല്‍കുന്നുണ്ട്. ഇത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പ്രയോജനപ്പെടുത്തണം. ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്നത് സംയോജിതമായ പ്രവര്‍ത്തനമാണെന്നും ഇതില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനൊപ്പം അവര്‍ക്ക് കുറേക്കൂടി പ്രചോദനമേകാന്‍ ഈ സംഗമം ഉപകരിക്കുമെന്ന് കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. നജീബ് പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവൃത്തിയുടെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ആംബുലന്‍സ് പൈലറ്റ്‌സ് അല്ലെങ്കില്‍ ആംബുലന്‍സ് റസ്‌ക്യൂ ഓപ്പറേറ്റേഴ്‌സ് എന്ന വിശേഷണമാണ് അവര്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡന്‍ അവര്‍ എന്ന ആദ്യത്തെ ഒരു മണിക്കൂറില്‍ അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ജീവന്‍ രക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനമെന്നും ഈ കര്‍മം നിറവേറ്റുന്നുവെന്നതാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് സമൂഹത്തിലുള്ള പ്രാധാന്യമെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച കിംസ്‌ഹെല്‍ത്ത് എമര്‍ജന്‍സി മെഡിസിന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഷമീം കെ.യു പറഞ്ഞു.

ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഷാജുദ്ദീന്‍, ഇ.ഇക്ബാല്‍, ഡോ.പി.എം.സുഹറ, ഡോ.പി.എം.സഫിയ, ജെറി ഫിലിപ്പ്, ഡോ.മുഹമ്മദ് നസീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

TAGS: KIMS HEALTH |