അഹല്യ മെഡിക്കല്‍ ഗ്രൂപ്പും അഹല്യ മണിഎക്‌സ്‌ചേഞ്ചും വേര്‍പിരിഞ്ഞു

Posted on: November 7, 2019

അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പും അഹല്യ മണിഎക്‌സ്‌ചേഞ്ചും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞു. ഇതോടെ അഹല്യ മണി എക്‌സ്‌ചേഞ്ച് എന്ന സ്ഥാപനത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലോ, മാനേജ്മെന്റ് തലത്തിലോ ഇനി മുതല്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന് യാതൊരുവിധ പങ്കാളിത്വവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു .

മണിഎക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നടന്ന നിയമ തര്‍ക്കങ്ങളില്‍ അന്തിമ വിധി പ്രഖ്യാപിച്ച അബുദാബി കോടതി എക്‌സ്‌ചേഞ്ചിന്റെ ഭരണം റിസീവര്‍ക്ക് കൈമാറിയതോടെയാണ് ധനവിനിമയ രംഗത്തു നിന്നും പിന്മാറാന്‍ മെഡിക്കല്‍ ഗ്രൂപ്പ് തീരുമാനിച്ചതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

ഡോ.വി.എസ്. ഗോപാലിന്റെ നേതൃത്വത്തില്‍ 1981 മുതല്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഹല്യ ഗ്രൂപ്പ് 1996 ലാണ് അഹല്യ മണിഎക്‌സ്‌ചേഞ്ച് എന്ന പേരില്‍ പുതിയ സംരംഭം ആരംഭിച്ചത് .ആതുരസേവന രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ സൗകര്യങ്ങളെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി മുന്‍ഗണന നല്‍കുകയെന്ന് പ്രതിനിധികള്‍ അറിയിച്ചു .

അതേസമയം അഹല്യ ഗ്രൂപ്പിനു കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അഹല്യ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചു .

വാര്‍ത്താസമ്മേളനത്തില്‍ മാനേജ് പ്രതിനിധികളായ സൂരജ് പ്രഭാകരന്‍ ഉമേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.