ഡൗണ്‍ സിന്‍ഡ്രോം ദിനം; ബോധവത്കരണവും ആഘോഷവും സംഘടിപ്പിച്ച് ആസ്റ്റര്‍ കൈന്‍ഡ്

Posted on: March 28, 2024

കൊച്ചി : ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ കിഡ്സ് ഇന്റഗ്രേറ്റഡ് ന്യുറോളജി ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ (കെ.ഐ.എന്‍.ഡി) ‘എന്‍ഡ് ദി സ്റ്റീരിയോടൈപ്പ് ” എന്ന പേരില്‍ പ്രത്യേക ബോധവത്കരണ പരിപാടിയും ആഘോഷവും സംഘടിപ്പിച്ചു. ഡൗണ്‍ സിന്‍ഡ്രോമിനെ കുറിച്ചുള്ള കൃത്യമായ അറിവുകള്‍ പ്രചരിപ്പിക്കാനും ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാനുമാണ് ആസ്റ്റര്‍ മെഡ്സിറ്റിയിലെ നോളജ് ഹബ്ബില്‍ നടന്ന പരിപാടി ലക്ഷ്യമിട്ടത്. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്ത് വൈവിധ്യങ്ങള്‍ ആഘോഷമാക്കി.

ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും കലാപ്രകടനങ്ങളും അവരുടെ കഴിവുകളുടെ പ്രത്യേക അവതരണവും ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികള്‍ നടത്തിയ ടാലന്റ് ഷോയും ഫാഷന്‍ ഷോയും ഹൃദയം നിറയ്ക്കുന്നതായിരുന്നു. കൂടാതെ കുട്ടികള്‍ക്കായി മാജിക് ഷോയും മറ്റ് വിനോദപരിപാടികളും സംഘടിപ്പിച്ചു.

ഇത്തരം പരിപാടികള്‍ ഡൗണ്‍ സിന്‍ഡ്രോമിനെ കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരുക മാത്രമല്ല, ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് നമ്മുടെ സമൂഹത്തില്‍ ഒരിടമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കണ്‍സള്‍ട്ടന്റ് – ഡെവലപ്‌മെന്റല്‍ പീഡിയാട്രീഷന്‍ ഡോ. സൂസന്‍ മേരി സക്കറിയ പറഞ്ഞു. വിഭിന്നശേഷിക്കാരായ എല്ലാ കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ആസ്റ്റര്‍ കൈന്‍ഡ് എല്ലായ്പ്പോഴും നിലകൊണ്ടിട്ടുണ്ട്. അത്തരം നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ആസ്റ്റര്‍ കൈന്‍ഡ് സംഘടിപ്പിച്ച ”എന്‍ഡ് ദി സ്റ്റീരിയോടൈപ്പ് ” എന്ന പരിപാടിയെന്നും ഡോ.സൂസന്‍ മേരി സക്കറിയ പറഞ്ഞു.