കാന്‍സറിന് കീഴടക്കാനാകാത്ത പുഞ്ചിരികള്‍; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കാന്‍സര്‍ ഹീറോസ് ഒത്തുകൂടി

Posted on: February 17, 2024

കോഴിക്കോട് : ചിരിച്ചും കളിച്ചും നടക്കേണ്ട കുട്ടിക്കാലത്ത് ശരീരത്തില്‍ അര്‍ബുദമുണ്ടെന്ന് തിരിച്ചറിയുന്ന അവസ്ഥ ഭീതിജനകമാണ്. ഏതൊരു മാതാപിതാവും മാനസികമായും വൈകാരികമായും തളര്‍ന്നുപോകുന്ന ഘട്ടം. അവിടെ എല്ലാം അവസാനിച്ചുവെന്ന് കരുതി തളര്‍ന്നുപോയവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വലിയൊരു പ്രചോദനമായിരുന്നു കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഒത്തുകൂടിയ കാന്‍സറിനോട് പൊരുതുന്നവരുടെ കൂട്ടായ്മ. അന്താരാഷ്ട്ര കുട്ടികളിലെ കാന്‍സര്‍ അവബോധ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തത്. കാന്‍സറിനോട് പോരാടുന്നവരും ആസ്റ്റര്‍ മിംസിലെ ചികിത്സയിലൂടെ കാന്‍സറിനെ അതിജീവിച്ചവരുമായവരുടെ കൂട്ടായ്മയില്‍ പങ്കെടുത്ത ഭൂരിഭാഗം കുട്ടികളും മജ്ജ മാറ്റിവെക്കലിലൂടെ രക്താര്‍ബുദത്തെ തോല്പിച്ചവരായിരുന്നു.

”വേള്‍ഡ് ഓഫ് സൂപ്പര്‍ ഹീറോസ്” എന്ന തീര്‍ത്തും ഉചിതമായ പേരിലാണ് ആസ്റ്റര്‍ മിംസ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍, കുട്ടികള്‍ വിവിധ സൂപ്പര്‍ ഹീറോകളുടെ വേഷത്തിലാണ് പങ്കെടുത്തത്. കുട്ടികളില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ തളരുകയല്ല നേരിടുകയാണ് വേണ്ടതെന്നും, ചെറിയ കുട്ടികളിലെ കാന്‍സര്‍ ചികിത്സ വളരെ ഫലപ്രദമാണെന്നും കുട്ടികളുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. കേശവന്‍ എം ആര്‍ പറഞ്ഞു. കുട്ടികളിലെ ക്യാന്‍സര്‍ മുതിര്‍ന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അവര്‍ ചികിത്സകളോട് പോസിറ്റീവായി പ്രതികരിക്കും. രോഗം ഭേദമാകാനുള്ള സാദ്ധ്യതകള്‍ കുട്ടികളില്‍ കൂടുതലാണെന്നും കൃത്യമായ ചികിത്സയും മാതാപിതാക്കളുടെ അകമറ്റ പിന്തുണയുമാണ് അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പരിപാടിയില്‍ ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, സ്റ്റേറ്റ് പ്രസിഡന്റ് കരീം കാരശ്ശേരി മുഖ്യാതിഥിയായിരുന്നു.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീ ലുക്മാന്‍ പി, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓങ്കോളജി തലവന്‍ ഡോ കെ.വി ഗംഗാധരന്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. കേശവന്‍, മുതിര്‍ന്നവരിലെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍ന്റ് വിദഗ്ധന്‍ ഡോ. സുധീപ് വി, കുട്ടികളുടെ വിഭാഗം ഡോക്ടര്‍മാരായ ഡോ സുധാ കൃഷ്ണനുണ്ണി, സീനിയര്‍ ഓങ്കോളജിസ്റ്റ്മാരായ ഡോ. ശ്രീലേഷ് കെ പി, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. സതീഷ് പത്മനാഭന്‍, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജിസ്റ്റുമാരായ ഡോ. സജിത്ത് ബാബു, ഡോ മിഹിര്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമാരായ ഡോ. സലിം വിപി, ഡോ. ഫഹീം അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.