ആസ്റ്റര്‍ കിഡ്‌സ് ഏഴാമത് ആനുവല്‍ മണ്‍സൂണ്‍ സി.എം.ഇ സംഘടിപ്പിച്ചു.

Posted on: November 28, 2023

കൊച്ചി : നവജാത ശിശുക്കളെയും കുട്ടികളെയും ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആസ്റ്റര്‍ കിഡ്‌സ് ആനുവല്‍ മണ്‍സൂണ്‍ സി.എം.ഇയുടെ ഏഴാം പതിപ്പ് സംഘടിപ്പിച്ചു. വിവിധ പീഡിയാട്രിക് ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് ശിശുരോഗ വിദഗ്ധര്‍ക്ക് അറിവും നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ സെഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഏകദിന ശില്പശാല നടത്തിയത്.

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് എക്സലന്‍സ് സെന്ററും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) കൊച്ചി ബ്രാഞ്ചും ചേര്‍ന്നായിരുന്നു കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ തന്നെ പ്രഗല്‍ഭരായ ശിശുരോഗ വിദഗ്ധരില്‍ ഒരാളും ആസ്റ്റര്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് സെന്റര്‍ ഓഫ് എക്സലന്‍സിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്ന ഡോ. പി.സി അലക്സാണ്ടറുടെ സ്മരണാര്‍ത്ഥമായിരുന്നു ഇത്തവണത്തെ സി.എം.ഇ.

നവജാതശിശുക്കളില്‍ കാണുന്ന പച്ചകലര്‍ന്ന ഛര്‍ദ്ദി, കുട്ടികളിലെ മഞ്ഞപ്പിത്തം, ഹൈഡ്രോനെഫ്രോസിസ്, വിഭിന്ന ജനനേന്ദ്രിയ അവയവങ്ങള്‍, എംപീമ തോറാസിസ്, വാക്‌സിനോളജിയിലെ പുതിയ കണ്ടുപിടിത്തങ്ങള്‍, മാസ് അബ്‌ഡോമന്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.