പതിനായിരത്തില്‍ പരം പുതുജീവനുകളെ വരവേറ്റ് ആസ്റ്റര്‍ മെഡ്‌സിറ്റി വിമന്‍സ് ഹെല്‍ത്ത് വിഭാഗം; കുട്ടികളുടെയും മാതാപിതാക്കളുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു.

Posted on: November 6, 2023

കൊച്ചി : കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ മാതാപിതാക്കള്‍ ചിരിക്കുന്ന ദിവസം. പ്രസവത്തെ കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ വിശേഷണങ്ങളില്‍ ഒന്നാണിത്. ഇത്തരത്തില്‍ പതിനായിരം കുട്ടികളുടെ ജന്മത്തിന് കാരണക്കാരായതിന്റെ നേട്ടം കരസ്ഥമാക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ഇതിനോടനുബന്ധിച്ച് മെഡ്‌സിറ്റിയില്‍ ജനിച്ച കുട്ടികളുടെയും മാതാപിതാക്കളുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു.

കൂടെ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഏറെ ഹൃദ്യമായിരുന്നു. മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ചികിത്സിച്ച ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കൂടി പങ്കു ചേര്‍ന്നതോടെ വൈകാരിക നിമിഷങ്ങള്‍ക്കായിരുന്നു കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററിലെ വേദി സാക്ഷ്യം വഹിച്ചത്. ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്റെ സാന്നിധ്യത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഒബ്‌സ്ട്രറ്റിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. സെറീന എ. ഖാലിദ്, ഡോ. എസ് മായാദേവി കുറുപ്പ്, ഡോ. ഷേര്‍ലി മാത്തന്‍, ഡോ. ഷമീമ അന്‍വര്‍ സാദത്ത്, കണ്‍സള്‍ട്ടന്റ് ഡോ. ടീന ആന്‍ ജോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. നവജാതി ശിശുപരിചരണ വിഭാഗത്തിലെ വിദഗ്ധരും പങ്കെടുത്തു.

അതി സങ്കീര്‍ണവും വെല്ലുവിളികള്‍ നിറഞ്ഞതുമായ നിരവധി സംഭവങ്ങളായിരുന്നു ഇക്കാലത്തിനിടയില്‍ ഡോക്ടര്‍മാരെ തേടി എത്തിയത്. മികച്ച ചികിത്സയിലൂടെയും പരിചരണത്തിലൂടെയും അമ്മമാരെയും കുഞ്ഞുങ്ങളെയും ജീവന്‍ രക്ഷിച്ച സംഭവങ്ങള്‍ ഡോക്ടര്‍മാര്‍ ഓര്‍ത്തെടുത്തു. ചടങ്ങില്‍ നിരവധി അമ്മമാരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചത്. നിലവില്‍ ചികിത്സ തേടുന്ന ഗര്‍ഭിണികള്‍ക്ക് വേണ്ടി ബേബി ഷവര്‍ പരിപാടിയും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു. ഇതിന് പുറമേ നടന്ന കലാ പരിപാടികള്‍ ഒത്തുചേരലിന് കൂടുതല്‍ കൊഴുപ്പേകി.

പതിനായിരം പ്രസവങ്ങള്‍ എന്ന നേട്ടത്തിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയെ എത്തിച്ചതില്‍ അമ്മയുടെയും കുഞ്ഞിന്റെയും സമഗ്രമായ ആരോഗ്യ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന ആസ്റ്റര്‍ നര്‍ച്ചര്‍ എന്ന പദ്ധതിക്ക് വലിയ പങ്കാണുള്ളത്. ഗര്‍ഭധാരണം മുതല്‍ പ്രസവവും കഴിഞ്ഞ് കുഞ്ഞിന്റെ അഞ്ച് വയസുവരെ നീളുന്ന പദ്ധതിക്ക് വലിയ ജനപ്രീതിയാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും സമഗ്രമായ പ്രസവശുശ്രൂഷാ പദ്ധതിയാണിത്.

ഗര്‍ഭകാലം മുതലുള്ള കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ട വിവരങ്ങളും മെഡിക്കല്‍ ഉപദേശവും നല്‍കുന്നതിനൊപ്പം സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനും അവസരം നല്‍കുന്നതാണ് പദ്ധതി. കുട്ടികളുടെയും മാതാപിതാക്കളുടെയും ആഹാര രീതികള്‍, ആവശ്യമായ പരിശേധനകള്‍, വാക്‌സിനേഷനുകള്‍, തുടങ്ങിയവയെല്ലാം ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ സവിശേഷത.