കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ ജി.ഡി.എ കോഴ്‌സിന് തുടക്കമായി

Posted on: October 11, 2023

കോഴിക്കോട് : ആസ്റ്റര്‍ മിംസിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി, സന്നദ്ധ സേവന വിഭാഗമായ ആസ്റ്റര്‍ വളന്റിയേഴ്സും ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന സൗജന്യ ജി.ഡി.എ കോഴ്‌സിന് (ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്) തുടക്കമായി. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നിപ, കോവിഡ് മുതലായ മഹാമാരികളുടെ കാലത്ത് സര്‍ക്കാരിനൊപ്പം ചേര്‍ന്നുനിന്നു സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ മുന്‍പന്തിയിലായിരുന്നു ആസ്റ്റര്‍ മിംസ് എന്ന് ഷീജ ശശി പറഞ്ഞു. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സ്നേഹസ്പര്‍ശം സൗജന്യ വൃക്ക മാറ്റിവെക്കല്‍ പദ്ധതിയിലൂടെ അര്‍ഹരായ 25 ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ആസ്റ്റര്‍ മിംസിനു സാധിച്ചു എന്നും കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന യുവതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹോപ്പ്’ പദ്ധതിയില്‍ ഉള്‍പ്പെടുന്ന പത്തോളം യുവതികള്‍ക്ക് ജി.ഡി.എ കോഴ്‌സില്‍ അഡ്മിഷന്‍ നല്‍കിയത് വഴി അവരുടെ കുടുംബങ്ങള്‍ക്ക് ആശ്രയമാകുവാന്‍ ആസ്റ്റര്‍ മിംസിന് കഴിഞ്ഞു എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി, എ. സുമേഷ് പറഞ്ഞു.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 120 യുവതി യുവാക്കള്‍ക്കാണ് നബാര്‍ഡിന്റെ സഹകരണത്തോടെ കോഴ്‌സ് നടത്തുന്നത്. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് താല്‍പര്യമുള്ളവര്‍ക്ക് ആസ്റ്റര്‍ മിംസ് ആശുപത്രികളില്‍ ജോലിയും ഉറപ്പു വരുത്തുന്നുണ്ട്.

ഇതിനോടകം 16 ബാച്ചുകളിലായി 500 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ 250ലധികം പേരെ സ്വദേശത്തും വിദേശത്തുമായി ഞങ്ങളുടെ ഹോസ്പിറ്റലികളില്‍ ജോലിക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മലബാര്‍ ലീഡ് മുഹമ്മദ് ഹസീം പറഞ്ഞു. നബാര്‍ഡ് കോഴിക്കോട് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് റിയാസ്, ആസ്റ്റര്‍ മിംസ് സി.ഒ. ഒ. ലുക്ക്മാന്‍ പൊന്‍മാടത്ത്, ഡെപ്യൂട്ടി സി.എം.എസ്. ഡോ നൗഫല്‍ ബഷീര്‍, കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. സല്‍മാന്‍ സലാഹുദ്ദിന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഷീലാമ്മ ജോസഫ്, എച്ച് ആര്‍ മാനേജര്‍ കെ.പി രജീഷ്, നേഴ്‌സസ് മാനേജര്‍ ദിവ്യ എന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.