മക്‌ഡൊണാൾഡ്‌സ് പ്രഭാത ഭക്ഷണദിനം ആഘോഷിച്ചു

Posted on: March 15, 2015

Mcdonalds-Logo

കൊച്ചി : പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിച്ചുകൊണ്ട് ദേശീയ പ്രഭാത ഭക്ഷണ ദിനം മക്‌ഡൊണാൾഡ്‌സ് ആഘോഷിച്ചു. ഇന്ത്യ, ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ അയ്യായിരത്തിലേറെ മക്‌ഡൊണാൾഡ്‌സ് റസ്റ്റോറന്റുകളിൽ പ്രഭാത ഭക്ഷണദിനം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.

ഇതോടനുബന്ധിച്ച് മക്‌ഡൊണാൾഡ്‌സ് 45,000 സസ്യ-മാംസ മക്ഫിൻസ് സൗജന്യമായി വിതരണം ചെയ്തു. പ്രഭാതഭക്ഷണം ഒഴിവാക്കാനുള്ള പ്രവണത ഈയിടെയായി വർദ്ധിച്ചുവരുന്നുണ്ട്. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ 72 ശതമാനം ആളുകൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായി നിർമല നികേതൻ കോളേജ് ഓഫ് ഹോം സയൻസ് റിസർച്ച് സെന്റർ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് ശതമാനം ആളുകൾ മാത്രമാണ് പ്രഭാതഭക്ഷണം ഒരു പ്രധാന ആഹാരമായി കാണുന്നത്. നാലിൽ ഒരാൾ അത് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുന്നു. ഈ പ്രവണത മനസിലാക്കിയാണ് മക്‌ഡൊണാൾഡ്‌സ് പ്രഭാതഭക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകാൻ തീരുമാനിച്ചതെന്ന് മക്‌ഡൊണാൾഡ്‌സ് ഇന്ത്യ ബിസിനസ് ഓപറേഷൻസ് വൈസ് പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് പറഞ്ഞു. ആരോഗ്യകരമായ ദിനത്തിന് പ്രഭാതഭക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രഭാത ഭക്ഷണദിനത്തോടനുബന്ധിച്ച് ഒരു ലക്ഷത്തിലേറെ മക്ഫിൻസ് മക്‌ഡൊണാൾഡ്‌സ് സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി.