ലോക വനിതാ സംരംഭകത്വ ദിനം 2022 : വനിതാ സംരംഭകരെ പിന്തുണയ്ക്കാന്‍ വാധ്വാനി ഫൗണ്ടേഷന്‍

Posted on: November 18, 2022


കൊച്ചി : ലോക വനിതാ സംരംഭകത്വ ദിനമായ നവംബര്‍ 19ന് വാധ്വാനി ഫൗണ്ടേഷന്‍ ലോകമെമ്പാടും വനിതാ സംരംഭകരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും കൂടുതല്‍ സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കടക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും വനിതാ സംരംഭകത്വം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സമൂഹത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതോടൊപ്പം, സാമൂഹിക-സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയും സൃഷ്ടിക്കുന്നു. ഒരു വനിതാ സംരംഭകയ്ക്ക് ഫണ്ടിംഗ്, കുടുംബത്തിന്റെ പിന്തുണ, റോള്‍ മോഡലുകളുടെ അഭാവം, മൊബിലിറ്റി പരിമിതികള്‍ എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ നിരവധി അവസരങ്ങളും ലഭ്യമാണ്.

‘സ്ത്രീകള്‍ സമൂഹത്തിന്റെ നട്ടെല്ലാണ്. എന്നാല്‍ ബിസിനസ് ലോകത്ത് അവരെ പലപ്പോഴും വിലകുറച്ചു കാണുന്ന രീതിയാണ് നമ്മുടേത്. സംരംഭകത്വ യാത്രയില്‍ സ്ത്രീകള്‍ എണ്ണമറ്റ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും അവര്‍ എല്ലായ്‌പ്പോഴും വിജയിച്ചു കാണിക്കുന്നു. സ്ത്രീകളുടെ സംരംഭകത്വം ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുകയും മറ്റ് സ്ത്രീകളില്‍ സ്വാധീനം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും അതുവഴി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വനിതാ തൊഴില്‍ശക്തിയുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം ആഗോള ജിഡിപിയിലേക്ക് 700 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും 2030 ഓടെ 150 മുതല്‍ 170 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് ശേഷി നല്‍കുന്നു.

ഈ വനിതാ സംരംഭകത്വ ദിനത്തില്‍, സംരംഭകരെന്ന നിലയിലും സ്വാധീനശക്തി എന്ന നിലയിലും സ്ത്രീകള്‍ സൃഷ്ടിക്കുന്ന വ്യത്യാസം നമുക്ക് ആഘോഷിക്കാം. അവരുടെ സംരംഭകത്വ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വിഭവങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് ലിംഗസമത്വത്തിലേക്കും സാമ്പത്തിക വികസനത്തിലേക്കുമുള്ള മാറ്റത്തിന് കാരണക്കാരാകാം’-2022 ലെ വനിതാ സംരംഭകത്വ ദിനത്തെക്കുറിച്ച് വാധ്വാനി ഫൗണ്ടേഷന്റെ ഇന്ത്യ/സൗത്ത് ഈസ്റ്റ് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് ഷാ പറഞ്ഞു.