യു എസ് ടി യ്ക്ക് രണ്ട് ഐ എസ് ജി ഡിജിറ്റല്‍ കേസ് സ്റ്റഡി ബഹുമതികള്‍

Posted on: September 22, 2021

തിരുവനന്തപുരം : ആഗോള സാങ്കേതിക ഗവേഷണ, ഉപദേശക സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഗ്രൂപ്പിന്റെ (ഐ എസ് ജി) രണ്ട് ‘2021 ഐ എസ് ജി ഡിജിറ്റല്‍ കേസ് സ്റ്റഡി’ ബഹുമതികള്‍ക്ക് പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി അര്‍ഹമായി. എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്കായി മികച്ച നിലവാരത്തിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഐടി, ബിസിനസ് സേവന ദാതാക്കളെയാണ് പുരസ്‌ക്കരങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്.

‘കഴിഞ്ഞ വര്‍ഷത്തെ സംഭവവികാസങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ബിസിനസ്സ് മോഡലുകളും സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുകയുണ്ടായി,’ എന്ന് ഐ എസ് ജി പങ്കാളിയും ചീഫ് റിസര്‍ച്ച് ഓഫീസറുമായ പോള്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. ‘ഞങ്ങള്‍ പരിശോധിച്ച എന്റര്‍പ്രൈസ്-പ്രൊവൈഡര്‍ പ്രോജക്റ്റുകളിലുടനീളം ഉപഭോക്താവിന്റെയും ഉപയോക്തൃ അനുഭവത്തിന്റെയും മെച്ചപ്പെടുത്തല്‍ ഏറ്റവും പ്രാധാന്യമുള്ള ലക്ഷ്യമായിരുന്നു. കൂടാതെ, അവര്‍ നല്‍കിയ നൂതനവും ഫലപ്രദവുമായ നിരവധി സൊല്യൂഷനുകള്‍ മികവുള്ള പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താഴെ പറയുന്ന രണ്ട് മേഖലകളില്‍ യു എസ് ടി യുടെ ഡിജിറ്റല്‍ പരിവര്‍ത്തന ശ്രമങ്ങള്‍ മികവിന്റെ പുതിയ തലങ്ങളില്‍ എത്തുകയുണ്ടായി:

സാമ്പത്തിക സേവനങ്ങളുടെ അതിരുകളില്ലാത്ത ഡിജിറ്റല്‍ പരിവര്‍ത്തനം: മുത്തൂറ്റ് ബ്ലൂ (മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്) വിന് വേണ്ടി യു എസ് ടിയുടെ പരിശ്രമങ്ങളുടെ ഫലമായി, ഭാവിയിലെ ബിസിനസ്സ് ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ രൂപകല്‍പ്പനയോടെ കമ്പനിയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൂര്‍ണ്ണമായും ആധുനിക തലത്തിലേയ്ക്ക് ഉയര്‍ത്താനായി. മികച്ച ഉപഭോക്തൃ അനുഭവം നല്‍കിക്കൊണ്ട് മുത്തൂറ്റ് ബ്ലൂവിന് ചെലവ് ലാഭിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ഇത് നടപ്പിലാക്കിയത്. ഐ എസ് ജി യുടെ അഭിപ്രായത്തില്‍ യു എസ് ടി യുമായുള്ള സഹകരണത്തിലൂടെ ആധുനികമായ വിവര സാങ്കേതിക സംവിധാനം വിപുലീകരിക്കാനും സുസ്ഥിരമായ ഡിജിറ്റല്‍ ഓപ്പറേറ്റിംഗ് മോഡല്‍ സാധ്യമാകുന്നതിനും മുത്തൂറ്റ് ബ്ലൂവിനു കഴിഞ്ഞിട്ടുണ്ട്.

സമ്പൂര്‍ണ്ണ ഓട്ടോമേറ്റഡ് കോണ്‍ടാക്റ്റ്‌ലെസ് ഇന്‍-സ്റ്റോര്‍ ചെക്ക്ഔട്ട് സൊല്യൂഷനില്‍ നിന്നുള്ള വരുമാനവും പുതിയ ഉപഭോക്തൃ ഉള്‍ക്കാഴ്ചകളും: അഹോള്‍ഡ് ഡെല്‍ഹൈസ് യു എസ് എന്ന കമ്പനിയുടെ റീറ്റെയ്ല്‍ സേവന ശൃംഖലയ്ക്കായി ഒരു വാക്ക്-ഇന്‍, വാക്ക്-ഔട്ട് സൊല്യൂഷന്‍ വികസിപ്പിച്ചുകൊണ്ട്, കോണ്‍ടാക്റ്റ്‌ലെസ്സ് സ്റ്റോര്‍ അനുഭവം നല്‍കാന്‍ യു എസ് ടിയ്ക്കായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന്‍ ലേര്‍ണിംഗ് സാങ്കേതിക വിദ്യ, ക്യാമറകള്‍, വെയിറ്റ് സെന്‍സറുകള്‍, എഡ്ജ് കമ്പ്യൂട്ടിംഗ് ടെക്‌നോളജി, ക്ലൗഡ് അധിഷ്ഠിത സാങ്കേതികത്വം എന്നിവയുടെ സംയോജനമാണ് ഇവിടെ വിന്യസിക്കുന്നത്. ഈ ഡിജിറ്റല്‍ പരിവര്‍ത്തനം 99% ബില്ലിംഗ് കൃത്യത, ഉപഭോക്തൃ ഷോപ്പിംഗ് പെരുമാറ്റത്തെക്കുറിച്ചുള്ള അമൂല്യമായ പുതിയ ഉള്‍ക്കാഴ്ചകളുള്ള റീറ്റെലയ്ര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനം എന്നിവ സാധ്യമാക്കുന്നു. പുത്തന്‍ സാങ്കേതികവിദ്യ സ്വീകരിക്കുക വഴി ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള മാര്‍ഗ്ഗം എളുപ്പമാക്കുന്നു. ഐഎസ്ജിയുടെ അഭിപ്രായത്തില്‍, സമ്പര്‍ക്കരഹിതമായ പരിഹാരങ്ങള്‍ കൂടുതല്‍ സ്വീകാര്യത നേടുന്നതിനാല്‍ സാധ്യമായ പുതിയ അനുഭവങ്ങളുടെയും ഉള്‍ക്കാഴ്ചകളുടെയും ഒരു ഉത്തമ ഉദാഹരണമാണിത്.

‘ഉപയോക്താക്കള്‍ക്കായി നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ നടപ്പിലാക്കി പരിവര്‍ത്തനത്തിലൂടെ അവരുടെ വിജയം ഉറപ്പാക്കാന്‍ ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ഐഎസ്ജി ഒരിക്കല്‍ കൂടി അംഗീകരിച്ചതില്‍ അഭിമാനമുണ്ട്,’ എന്ന് യു എസ് ടി ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ആഗോള മേധാവി മുരളീകൃഷ്ണന്‍ നായര്‍ പറഞ്ഞു. ‘ഡിജിറ്റല്‍ നമ്മുടെ ഡിഎന്‍എയില്‍ ഉണ്ട്. കഴിഞ്ഞ 20 വര്‍ഷക്കാലമായി, ബിസിനസ്സുകള്‍ക്ക് വലിയ സാധ്യതകള്‍ തുറന്നു കൊടുക്കാനായി ഞങ്ങള്‍ യത്‌നിച്ചു കൊണ്ടേയിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഏകദേശം 250 സബ്മിഷനുകളില്‍ നിന്ന് ഈ വര്‍ഷത്തെ അവാര്‍ഡിനായി 39 കമ്പനികളുടെ കേസ് സ്റ്റഡികളാണ് ഐ എസ് ജി തിരഞ്ഞെടുത്തത്. പരിഗണനയ്ക്കായി സമര്‍പ്പിച്ച ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങളില്‍ ഭൂരിഭാഗവും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു.

”ഞങ്ങളുടെ ക്ലയന്റുകള്‍ക്ക് അതിവേഗ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു,” യു എസ് ടി റീട്ടെയില്‍ പ്ലാറ്റ് ഫോം ആന്‍ഡ് സൊല്യൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ മഹേഷ് അഥല്യേ പറഞ്ഞു. ‘ഐഎസ്ജിയില്‍ നിന്ന് ഈ അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു, കൂടാതെ ഭാവിയിലേക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിജയകരമായ ഫലങ്ങള്‍ നല്‍കുന്നത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ ഇതിനു മുമ്പ് യു എസ് ടി, 2019 ലും 2020 ലും ഐ എസ് ജി ഡിജിറ്റല്‍ കേസ് സ്റ്റഡി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

TAGS: Ust |