യു എസ് ടി യ്ക്ക് കാര്‍ബണ്‍ ന്യൂട്രല്‍ സര്‍ട്ടിഫിക്കേഷന്‍

Posted on: September 18, 2021

തിരുവനന്തപുരം : ആഗോള തലത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയ്ക്കായി പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ‘കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനി സര്‍ട്ടിഫിക്കേഷന്‍’ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യ്ക്ക് ലഭിച്ചു. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും തങ്ങളുടെ ബിസ്‌നസ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ ആഘാതം സൃഷ്ടിക്കാതെ ശ്രദ്ധിക്കാനുമുള്ള കമ്പനിയുടെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ സര്‍ട്ടിഫിക്കേഷന്‍.

2002ലാണ് കാര്‍ബണ്‍ ന്യൂട്രാലിറ്റി നേടുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആദ്യ പടിയായ കാര്‍ബണ്‍ ന്യൂട്രല്‍ പ്രോട്ടോക്കോളിന് നാച്ചുറല്‍ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് എന്ന സംഘടന രൂപം നല്‍കിയത്. ഇതേത്തുടര്‍ന്ന്, വിദഗ്ദ്ധരടങ്ങുന്ന ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി പ്രോട്ടോക്കോള്‍ നിരന്തരം പുതുക്കി വരികയാണ്.

ആമസോണിന്റെ നേതൃത്വത്തിലുള്ള കാലാവസ്ഥാ പ്രതിജ്ഞയോട് ചേര്‍ന്ന് നില്‍ക്കുന്നത് ഉള്‍പ്പെടെ, യുഎസ്ടിയുടെ നിലവിലുള്ള പാരിസ്ഥിതിക, സാമൂഹിക, ഭരണപരമായ സംരംഭങ്ങള്‍, സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കു ലഭിക്കുന്ന ഏറ്റവും പുതിയ അംഗീകാരമാണ് കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനി സര്‍ട്ടിഫിക്കേഷന്‍.

വിതരണ ശൃംഖലയിലെ കാര്യക്ഷമത, സുസ്ഥിര ഗതാഗതം, പരിസ്ഥിതി അനുകൂല ഊര്‍ജ്ജ ഉപയോഗം തുടങ്ങിയ മേഖലകളില്‍ പുതുമ സൃഷ്ടിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായുളള ശാസ്ത്ര-അധിഷ്ഠിത പ്രവര്‍ത്തനങ്ങളാണ് യു എസ് ടി സ്വീകരിച്ചു വരുന്നത്. 1999 ലെ തുടക്കകാലം മുതല്‍ക്കു തന്നെ യുഎസ്ടി തങ്ങളുടെ കോര്‍പ്പറേറ്റ് സുസ്ഥിരതയിലൂടെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നീക്കങ്ങളിലൂടെയും സാമൂഹിക ഉന്നമനത്തിനായുള്ള പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ചില സംരംഭങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:

യു എസ് ടി തിരുവനന്തപുരം കാമ്പസില്‍ 1.2 മെഗാവാട്ട് ഓണ്‍-ഗ്രിഡ് സോളാര്‍ പവര്‍ സിസ്റ്റം സ്ഥാപിക്കാനുള്ള പദ്ധതി, കാമ്പസിനുള്ള പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത 35 ശതമാനം കുറയ്ക്കും. 174,240 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള, മഴ വെള്ളം ശേഖരിക്കുന്ന ഒരു വലിയ ജലാശയം. കമ്പനിയുടെ ജല ഉപഭോഗത്തിന്റെ 80 ശതമാനം ഈ ജലാശയത്തില്‍ നിന്നാണ്. ഇത് നഗര ജലവിതരണ സംവിധാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്.
കാമ്പസിലുടനീളം സഞ്ചരിക്കുന്നതിനായി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നു. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിച്ചു. എമിഷനുകള്‍ കുറവുള്ള വാഹനങ്ങള്‍ കൂടുതല്‍ വാങ്ങുന്നതിനായി നിര്‍മ്മാതാക്കളോടു സംസാരിച്ചു വരുന്നു.

ഗ്രീന്‍ ഹൗസ് വാതക ബഹിര്‍ഗമനം പതിവായി അളക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.
2025 ആകുമ്പോഴേക്കും വൈദ്യുതി ആവശ്യങ്ങളുടെ 25%, 2030 ഓടെ 50% എന്നിവയ്ക്കായി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിലേക്ക് മാറുന്നു. ഇടതൂര്‍ന്ന വനങ്ങളുടെ മാതൃകയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് നിരവധി വനവല്‍ക്കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നു. 2040 ആകുമ്പോഴേക്കും നെറ്റ്-സീറോ വാര്‍ഷിക കാര്‍ബണ്‍ എമിഷന്‍ സാധ്യമാക്കുന്നതിന് ശാശ്വതവും സാമൂഹികവുമായ പ്രയോജനങ്ങള്‍ ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നു.

‘കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനിയായി അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കാനും കൂടുതല്‍ കാര്‍ബണ്‍ കുറയ്ക്കല്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്താനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ യു എസ് ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. ‘ഒരു നല്ല സ്വാധീനം ചെലുത്താനുള്ള ഞങ്ങളുടെ ടീമിന്റെ തീവ്രമായ പരിശ്രമങ്ങളില്‍ ഞാന്‍ അത്യധികം അഭിമാനിക്കുന്നു. കൂടാതെ, ഈ പ്രവര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടുക വഴി മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാനും ഞങ്ങള്‍ യത്‌നിക്കും,’ അദ്ദേഹം പറഞ്ഞു.

‘യു എസ് ടി തങ്ങളുടെ സി എസ് ആര്‍ സംരംഭങ്ങളിലൂടെ ലോകത്തെ ഗുണപരമായി സ്വാധീനിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുന്നതിനാല്‍ അവരുമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കാലാവസ്ഥാ അനുകൂല പ്രവര്‍ത്തനങ്ങളുടെ ഈ നിര്‍ണായക ദശകത്തില്‍, നമുക്ക് ആവശ്യമായ മാറ്റം സാധ്യമാക്കാന്‍ ലഭ്യമായ എല്ലാ പരിഹാരങ്ങളും ഉപയോഗിക്കേണ്ടതുണ്ട്.

യുഎസ്ടിയുടെ കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനി സര്‍ട്ടിഫിക്കേഷനും പാരിസ്ഥിതിക കാര്യനിര്‍വ്വഹണത്തോടുള്ള പ്രതിബദ്ധതയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബിസ്‌നസിന് എങ്ങനെ അര്‍ത്ഥവത്തായ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ്,’ നാച്ചുറല്‍ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് ഗ്ലോബല്‍ ക്ലയന്റ് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ സാസ്‌കിയ ഫീസ്റ്റ് പറഞ്ഞു.

‘കാര്‍ബണ്‍ ന്യൂട്രല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിലൂടെ ഭൂമിയെ പരിരക്ഷിക്കുന്നതിനും, ഞങ്ങള്‍ എല്ലാ ദിവസവും സ്വാധീനിക്കുന്ന സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിനും, കൂടുതല്‍ പ്രതിജ്ഞാബദ്ധരാകുകയാണ്,’ യു എസ് ടി ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ നന്ദഗോപാല്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒപ്പം, 2040 ഓടെ നെറ്റ് സീറോ ലക്ഷ്യമിട്ട് കൂടുതല്‍ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. സുസ്ഥിരത എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഓരോരുത്തരുടേയും പ്രവര്‍ത്തനങ്ങള്‍ ചെറുതാണെങ്കിലും, അവ ഭൂമിയിലെ ജീവിതത്തിന് വലിയ പ്രഭാവം നല്‍കും,” അദ്ദേഹം പറഞ്ഞു.

TAGS: Ust |