74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ടാറ്റാ ഹൗസിംഗിന്റെ ഹാപ്പി 74 കാമ്പയിന്‍

Posted on: July 29, 2021

കൊച്ചി : പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനികളിലൊന്നായ ടാറ്റാ ഹൗസിംഗ് ഡവലപ്‌മെന്റ് കമ്പനി ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹാപ്പി 74 പ്രചാരണത്തിന് തുടക്കമിട്ടു. ഓഗസ്റ്റ് 30 വരെയുള്ള കാലയളവില്‍ വീടുകള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാംപ് ഡ്യൂട്ടിയില്‍ 74 ശതമാനം വരെ ഇളവ് ലഭിക്കും. ഇന്ത്യയിലെമ്പാടുമായി ടാറ്റാ ഹൗസിംഗിന്റെ 16 പദ്ധതികള്‍ക്ക് ഇത് ബാധകമാണ്.

കൂടാതെ 20 ലക്ഷം മുതല്‍ അഞ്ചു കോടി രൂപ വരെ വിലയുള്ള തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ക്ക് ഇപ്പോള്‍ പത്ത് ശതമാനം മാത്രം പണമടച്ച് 2022 ജനുവരിയില്‍ 90 ശതമാനം പണമടയ്ക്കാനും സാധിക്കും. പണി പൂര്‍ത്തിയാക്കി താമസിക്കാന്‍ യോഗ്യമായവയ്ക്കും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കും ഈ ഓഫറുകള്‍ ബാധകമാണ്.

കോവിഡ് മഹാമാരിയുടെ കാലത്തും വീട് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതുകൊണ്ടാണ് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. ദേശീയതലത്തിലും അമേരിക്ക, യുകെ, യുഎഇ, ഓസ്‌ട്രേലിയ എന്നിങ്ങനെ അന്താരാഷ്ട്ര വിപണികളിലുമുള്ള ചാനല്‍ പങ്കാളികളെ ഉള്‍പ്പെടുത്തി നടത്തിയ ഡിജി മീറ്റില്‍ പദ്ധതിക്ക് തുടക്കമായി.

ഇന്ത്യ എഴുപത്തിനാലാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈയവസരത്തില്‍ ഉപയോക്താക്കളുടെ ആവശ്യങ്ങളും അവകാശങ്ങളും മനസിലാക്കിയാണ് പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ടാറ്റാ റിയാലിറ്റി ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് എംഡിയും സിഇഒയുമായ സഞ്ജയ് ദത്ത് പറഞ്ഞു.

 

TAGS: Tata Housing |