യു എസ് ടി ക്ലൈമെറ്റ് പ്ലെഡ്ജില്‍ ഒപ്പു വെച്ചു

Posted on: April 23, 2021

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ക്ലൈമെറ്റ് പ്ലെഡ്ജില്‍ ഒപ്പു വെച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്മയാണ് ക്ലൈമറ്റ് പ്ലെഡ്ജ്. ആമസോണും ഗ്ലോബല്‍ ഒപ്റ്റിമിസവും ചേര്‍ന്നാണ് ഇതിന് രൂപം കൊടുത്തത്.

പരിസ്ഥിതി സൗഹൃദ ഭാവിക്ക് വേണ്ടി രൂപം കൊടുത്ത ഈ ക്രോസ് സെക്ടര്‍ ബിസ്‌നസ് കമ്മ്യൂണിറ്റിയില്‍ ലോകത്തെ നൂറിലേറെ പ്രമുഖ കമ്പനികള്‍ അംഗങ്ങളാണ്. 2050-ഓടെ കാര്‍ബണ്‍ രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പാരിസ് ഉടമ്പടിക്ക് പത്തുവര്‍ഷം മുമ്പേ, 2040-ല്‍ തന്നെ ലക്ഷ്യം കൈവരിക്കാനാണ് ക്ലൈമറ്റ് പ്ലെഡ്ജ് ശ്രമിക്കുന്നത്.

കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ സുസ്ഥിരത എന്ന ആശയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്
യു എസ് ടി പ്രകടമാക്കുന്നത്. പ്രതിവര്‍ഷം ശരാശരി 2 ശതമാനം അറ്റ ലാഭം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്. 2030-ലെ യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രാധിഷ്ഠിതവും പരിവര്‍ത്തനാത്മകവുമായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി കാര്‍ബണ്‍ രഹിത ലക്ഷ്യവുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള നൂതന മാര്‍ഗങ്ങള്‍ എക്കാലത്തും മുന്നോട്ടു വെച്ചിട്ടുണ്ട്.

ആഗോള സുസ്ഥിരതയ്ക്കും സാമൂഹ്യ, സാമ്പത്തിക വികസനത്തിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. 1999-ലെ തുടക്കം മുതല്‍, സിഎസ്ആര്‍ പദ്ധതികളിലൂടെ സാമൂഹ്യ ഉന്നമനം ലാക്കാക്കി, ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മരങ്ങള്‍ നട്ടുപിടിപ്പിക്കലും കണ്ടല്‍ക്കാടുകള്‍ പുന:സ്ഥാപിക്കലും പ്രകൃതിദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

യുഎസ്ടിയുടെ ‘സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക’, ‘ഇംപാക്റ്റ് ഇന്ത്യ’ പ്രോഗ്രാമുകള്‍ തൊഴില്‍ പരിശീലനവും തൊഴിലവസരങ്ങളും നല്‍കുന്നു. 6.5 ഏക്കര്‍ വിസ്തീര്‍ണമുള്ള ഹരിതാഭമായ തിരുവനന്തപുരം കാമ്പസിന്റെ മൂന്നിലൊന്ന് ഭാഗവും പൊയ്കയും ജലാശയങ്ങളുമാണ്. തികച്ചും പരിസ്ഥിതി സൗഹൃദപരമായി രൂപകല്‍പ്പന ചെയ്ത ഈ കാമ്പസിന് ഐജിബിസി ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് (ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍) ലഭിച്ചിട്ടുണ്ട്. ഭൂഗോളത്തിന്റെ സംരക്ഷണത്തിനും കമ്മ്യൂണിറ്റികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാണ് കമ്പനി തേടുന്നത്.

ക്ലൈമറ്റ് പ്ലെഡ്ജില്‍ അംഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് യുഎസ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. ജീവനക്കാരും ഇടപാടുകാരും ഉപയോക്താക്കളും ഉള്‍പ്പെടെ സാമൂഹ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കാനും രൂപാന്തരപ്പെടുത്താനുമാണ് തുടക്കം മുതല്‍ കമ്പനി ശ്രമിച്ചിട്ടുള്ളത്. ഈ യാത്രയുടെ അടിസ്ഥാന ഭാഗമാണ് പാരിസ്ഥിതിക ജാഗ്രത. ആമസോണ്‍, ഗ്ലോബല്‍ ഒപ്റ്റിമിസം, കൂട്ടായ്മയുടെ ഭാഗമായ മറ്റ് കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് ആഗോളതാപനത്തെ ചെറുക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും തങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യമിട്ടതിലും പത്തുവര്‍ഷം മുമ്പേ പാരിസ് ഉടമ്പടി യാഥാര്‍ഥ്യമാക്കുക എന്ന ദൗത്യവുമായി ക്ലൈമറ്റ് പ്ലെഡ്ജിന് രൂപം നല്‍കിയിട്ട് കഷ്ടി രണ്ടു വര്‍ഷം ആകുന്നതേയുള്ളൂ എന്ന് ആമസോണ്‍ സ്ഥാപകനും സിഇഒ യുമായ ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു. ഇന്ന് 1.4 ട്രില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനമുളള നൂറിലേറെ ആഗോള കമ്പനികളും 5 ദശലക്ഷത്തിലധികം ജീവനക്കാരും ക്ലൈമറ്റ് പ്ലെഡ്ജിന്റെ ഭാഗമാണ്. ഇന്നൊവേഷനും യഥാര്‍ഥമായ മാറ്റങ്ങളും കൊണ്ടുവന്ന് കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥ യാഥാര്‍ഥ്യമാക്കാനുള്ള യത്‌നത്തില്‍ മറ്റു കമ്പനികള്‍ക്കൊപ്പം നിലകൊള്ളുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്ടി യുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതലറിയാന്‍ https://www.ust.com/en/who-we-are/ust-social-commitment.

2019-ലാണ് ആമസോണും ഗ്ലോബല്‍ ഒപ്റ്റിമിസവും ചേര്‍ന്ന് ദി ക്ലൈമറ്റ് പ്ലെഡ്ജ് സ്ഥാപിക്കുന്നത്. ലക്ഷ്യമിട്ടതിനും 10 വര്‍ഷം മുമ്പേ പാരിസ് ഉടമ്പടി യാഥാര്‍ഥ്യമാക്കി, 2040-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കലാണ് ലക്ഷ്യം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തും. 105-ഓളം സ്ഥാപനങ്ങള്‍ കാലാവസ്ഥാ പ്രതിജ്ഞയില്‍ ഒപ്പുവെച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.theclimatepledge.com.

 

TAGS: Ust |