യു എസ് ടി ഗ്ലോബല്‍ ഇനി യു എസ് ടി

Posted on: January 20, 2021

തിരുവനന്തപുരം :  ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബല്‍ അതിന്റെ പേര് യു എസ് ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതുല്യരായ ആളുകള്‍, ഇന്നൊവേഷന്‍, ഊര്‍ജ്വസ്വലത, ഉപയോക്താക്കളോടുള്ള പ്രതിബദ്ധത തുടങ്ങി കമ്പനിയുടെ പദവിയെ ആവര്‍ത്തിച്ചുറപ്പിക്കുന്ന മാറ്റങ്ങളാണ് റീബ്രാന്‍ഡിംഗിലൂടെ കൊണ്ടുവരുന്നത്. ഇതോടെ, കരുത്തുറ്റ പേരും ലക്ഷ്യവും വിഷ്വല്‍ ഐഡന്റിറ്റിയുമാണ് കമ്പനിക്ക് കൈവരുന്നത്.

ഉപയോക്താക്കളുടെ നിരന്തരം വികസിച്ചുവരുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും, കാലികമായ അവസ്ഥയെ തരണം ചെയ്യാനും, ഭാവിയിലേക്ക് പരുവപ്പെടാനുമുള്ള നൂതനമായ പരിഹാരങ്ങളും വാഗ്ദാനങ്ങളുമാണ് റീബ്രാന്‍ഡിങ്ങില്‍ പ്രതിഫലിപ്പിക്കുന്നത്. ust.com എന്ന കമ്പനിയുടെ പുതിയ കോര്‍പ്പറേറ്റ് വെബ്സൈറ്റ് ഈ പരിവര്‍ത്തനത്തെ വെളിപ്പെടുത്തുന്നു.

സുപ്രധാനമായ ഉപ-ബ്രാന്‍ഡുകളെയും അനുബന്ധ സ്ഥാപനങ്ങളെയും ഒരു ഏകീകൃത ബ്രാന്‍ഡിന് കീഴിലാക്കുന്ന വിധത്തിലാണ് യു എസ് ടി എന്ന ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റി പ്രവര്‍ത്തിക്കുക. ലോകത്തെ ഏറ്റവും മികച്ച കമ്പനികള്‍ക്ക്, അവരുടെ ഏറ്റവും വലിയ വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് മുന്നേറാനുളള മാര്‍ഗദര്‍ശനമാണ് യു എസ് ടി നല്‍കുന്നത്.

ലോകത്തെ പ്രമുഖ ബ്രാന്‍ഡുകളുമായി യോജിച്ചുള്ള പ്രവര്‍ത്തനമാണ് കമ്പനി നടത്തുന്നത്. ആഴവും പരപ്പുമുള്ള ഡൊമെയ്ന്‍ പരിജ്ഞാനവും ഓട്ടോമേഷന്‍, അനുഭവ രൂപകല്പ്പന, ഡാറ്റ, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക വൈദഗ്ധ്യങ്ങളുമാണ് ഇതില്‍ ചാലകശക്തിയാവുന്നത്. സാങ്കേതിക വിദ്യയെ ഉപയുക്തമാക്കി നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്താനും ബിസ്‌നസ് പുനസ്ഥാപനത്തിനും യു എസ് ടി കമ്പനികളെ പ്രാപ്തരാക്കുന്നു. മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്താനുള്ള സാങ്കേതികവിദ്യയുടെ കരുത്തിലാണ് കമ്പനി വിശ്വാസം അര്‍പ്പിക്കുന്നത്. ബൗണ്ട്‌ലെസ് ഇംപാക്റ്റ് അഥവാ അതിരുകളില്ലാത്ത സ്വാധീനം എന്ന തീമിലാണ് പുതിയ ബ്രാന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ കീഴടക്കാനുള്ള യത്‌നത്തില്‍ ഉപയോക്താക്കളെ ശാക്തീകരിക്കാനാണ് കമ്പനി പരിശ്രമിക്കുന്നത്.

ദീര്‍ഘകാല പങ്കാളിത്തമാണ് യു എസ് ടി വാഗ്ദാനം ചെയ്യുന്നത്. സുദൃഢമായ പങ്കാളിത്തത്തിലൂടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഊര്‍ജസ്വലതയും വേഗതയാര്‍ന്ന പ്രവര്‍ത്തനവും, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്ന മാറ്റങ്ങളുമാണ് ഉറപ്പു നല്കുന്നത്. ഉപയോക്താക്കള്‍ക്കൊപ്പമുള്ള ഈ യാത്രയിലുടനീളം വിനയം, മാനവികത, സമഗ്രത എന്നീ മൂല്യങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്.

ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും നവീകരണത്തിലുമുള്ള യു എസ് ടി യുടെ നേതൃപദവിക്ക് കരുത്തുപകരുന്നതാണ് റീബ്രാന്‍ഡിംഗ് എന്ന് യുഎസ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു. ‘ജോലിയുടെ പരിധികള്‍ കവിഞ്ഞു പോവുന്ന തരത്തില്‍ വ്യാപകമായ സ്വാധീനമാണ് ഞങ്ങള്‍ സൃഷ്ടിക്കുന്നത്. കസ്റ്റമേഴ്‌സിന്റെയും അന്തിമ ഉപയോക്താക്കളുടെയും സമൂഹത്തിന്റെയാകെയും ജീവിതമാണ് മെച്ചപ്പെടുത്തുന്നത്. അനുദിനം വികാസം പ്രാപിക്കുന്ന ഒരു ബിസ്‌നസ് ലാന്‍ഡ്‌സ്‌കേപ്പില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തന കമ്പനി എന്ന നിലയില്‍ ഉപയോക്താക്കളുടെ ബിസ്‌നസിനെ രൂപാന്തരപ്പെടുത്താനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും സഹായിക്കുന്നു. മാറ്റത്തിന്റെ ഈ യുഗത്തില്‍ പുതുമയും പങ്കാളിത്തവും ഊര്‍ജസ്വലതയും കൃത്യതയോടെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബ്രാന്റ്. അത് യു എസ് ടി യെ മുന്‍നിരയില്‍ത്തന്നെ നിര്‍ത്തുന്നു’- സുധീന്ദ്ര വ്യക്തമാക്കി.

കമ്പനിയുടെ തുടക്കം മുതല്‍ ഇങ്ങോട്ടുള്ള വളര്‍ച്ചയും വികാസവും പ്രതിഫലിപ്പിക്കാനുള്ള അഭിലാഷമാണ് റീബ്രാന്‍ഡിംഗിന്റെ ഹൃദയഭാഗമെന്ന് യു എസ് ടി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലെസ്ലി ഷുള്‍സ് അഭിപ്രായപ്പെട്ടു. ‘ബ്രാന്‍ഡിനെ നവീകരിക്കാനും കാര്യക്ഷമമാക്കാനും ലളിതവും സരളവും ആക്കാനുമുള്ള ശരിയായ സമയമാണിത്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും അവര്‍ക്കൊപ്പം നിലയുറപ്പിച്ചും ഞങ്ങള്‍ അവരുടെ ഭാവി രൂപപ്പെടുത്തുകയാണ്. ഓരോ വെല്ലുവിളിയും അനന്യമാണ് എന്ന തിരിച്ചറിവോടെ, വ്യക്തിഗതമായും കൂട്ടായുമുള്ള പ്രവര്‍ത്തനത്തിലൂടെ ഉപയോക്താക്കളുടെ വീക്ഷണങ്ങളെ യഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. യു എസ് ടി യില്‍, കസ്റ്റമേഴ്‌സിന്റെ യാത്ര എന്നത് ഞങ്ങളുടെ തന്നെ യാത്രയാണ് ‘- അവര്‍ കൂട്ടിച്ചേര്‍ത്തു.

25 രാജ്യങ്ങളിലെ 35 ഓഫീസുകളിലായി 26,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. സാങ്കേതികവിദ്യയ്‌ക്കൊത്ത് ചുവടുമാറ്റാനുള്ള ഉപയോക്താക്കളുടെ പരിശ്രമത്തില്‍ കമ്പനി ഭാഗഭാക്കാവുന്നു. മികച്ച മാറ്റങ്ങള്‍ക്കൊപ്പം ലാഭകരമായ വളര്‍ച്ച കൈവരിക്കുന്ന അത്യാധുനിക പരിഹാരങ്ങളാണ് കമ്പനി രൂപകല്പന ചെയ്യുന്നത്.’

 

TAGS: Ust |