ലോക്ഡൗണ്‍ മധുരമാക്കി ട്വന്റി20യുടെ കരിമ്പു കൃഷി വിളവെടുപ്പ്

Posted on: May 12, 2020

കൊച്ചി: ലോക്ഡൗണ്‍ കാലം മധുരം കൊയ്ത് കിഴക്കമ്പലത്തെ കരിമ്പു കൃഷി. പഞ്ചായത്തിലെ വനിതാ കൂട്ടായ്മ പത്തേക്കറോളം വരുന്ന തരിശു പാടത്ത് പരീക്ഷണാര്‍ത്ഥം തുടങ്ങിയ കരിമ്പു കൃഷിയാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. ട്വന്റി20യുടെ നേതൃത്വത്തില്‍ അമ്പുനാട് വാര്‍ഡിലെ മൂന്നര ഏക്കറിലെ കരിമ്പ് കൃഷിയുടെ വിളവെടുപ്പാണ് ആദ്യം ആരംഭിച്ചത്.

മാളിയേക്കമോളം വാര്‍ഡിലെ വിളവെടുപ്പു കൂടി പൂര്‍ത്തിയാകുന്നതോടെ ആറായിരത്തോളം കിലോ ശര്‍ക്കര ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ കരിമ്പ് ലഭിക്കും. ഈ ശര്‍ക്കര വിപണി വിലയുടെ പകുതി വിലയ്ക്ക് കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വഴി ജനങ്ങള്‍ക്കു ലഭ്യമാക്കാനാണു പദ്ധതി. താങ്ങു വില പോലും ലഭിക്കാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന ഈ പ്രതിസന്ധി കാലത്തും ന്യായ വില നല്‍കിയാണ് ട്വന്റി20 ഈ കരിമ്പ് ഏറ്റെടുക്കുന്നത്.

കിഴക്കമ്പലത്തു തന്നെ ശര്‍ക്കര ഉത്പാദനം ആരംഭിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ഡൗണ്‍ കാരണം ഉപകരണങ്ങള്‍ ലഭിച്ചില്ല. പകരം പാലായിലെ ഉത്പാദന കേന്ദ്രത്തിലാണ് ശര്‍ക്കര നിര്‍മാണം. ഇത് കിഴക്കമ്പലത്ത് എത്തിച്ച് പാക് ചെയ്ത് വില്‍പ്പനയ്ക്കു വെക്കും.

ലോക്ഡൗണ്‍ സമയത്തും കരിമ്പു കൃഷിയില്‍ നൂറുമേനി വിളവെടുക്കാനായതിന്റെ സന്തോഷത്തിലാണ് ട്വന്റി20. പരീക്ഷണം എന്ന നിലയ്ക്ക് ആരംഭിച്ച കരിമ്പ് കൃഷി വിജയമാതോടെ ഭാവിയില്‍ കരിമ്പു കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാനാണ് ട്വന്റി20 ലക്ഷ്യമിടുന്നതെന്ന് ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ഹരിത കിഴക്കമ്പലം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാളിയേക്കമോളം, അമ്പുനാട് വാര്‍ഡുകളിലാണ് കൃഷിയിറക്കിയത്.

തരിശുപാടം കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയെടുക്കുകയായിരുന്നു ഈ വനിതാ കര്‍ഷക കൂട്ടായ്മ. പൂര്‍ണമായും ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. മറ്റു വിളകള്‍ കൃഷി ചെയ്തിരുന്ന ഈ കാര്‍ഷിക കൂട്ടായ്മയ്ക്ക് പ്രളയ കാലത്ത് വിള നാശം അടക്കം വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷിതവും വിളവ് ഉറപ്പു നല്‍കുന്നതുമായ കരിമ്പു കൃഷിയിലേക്ക് പരീക്ഷണാര്‍ത്ഥം ഇവര്‍ ഏറ്റെടുത്തത്.