ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് 19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം

Posted on: March 21, 2020

കൊച്ചി: വിവിധ രാജ്യങ്ങളില്‍ വന്‍ഭീഷണിയായി പടര്‍ന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തിന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത ഉപകരണം ഉടന്‍ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം തയാറാകുമെന്ന് ചെന്നൈ ആസ്ഥാനമായ മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ ട്രിവിട്രോണ്‍ ഹെല്‍ത്ത്്കെയര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്ന കോവിഡ്19 പരിശോധനാ ഉപകരണങ്ങള്‍ ജര്‍മനിയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിന്റെ രാജ്യത്തുടനീളമുള്ള 52 ലാബുകളിലാണ് ഇവ ഉപയോഗിച്ചു വരുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങള്‍ ഉറപ്പുവരുത്തുന്നതിന് റാപിഡ് ആര്‍ടി പിസിആര്‍ കിറ്റുകള്‍ മാത്രമെ ഇന്ത്യ അംഗീകരിച്ചിട്ടുള്ളൂ.

കോവിഡ്19 കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പരിശോധന നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തതയും വലിയ ആശങ്കയാണ്. ഒരു രോഗിയില്‍ കോവിഡ്19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ ഫലമറിയാന്‍ ദീര്‍ഘ സമയം കാത്തിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പരിശോധാ സംവിധാനങ്ങളുടെ ആവശ്യകതയും ഏറിയിരിക്കുകയാണ്. കോവിഡ്19 സംശയിക്കപ്പെടുന്ന കേസുകളെല്ലാം പരിശോധന നടത്തണമെന്നാണ് ലോകാര്യോഗ സംഘടനയും നിര്‍ദേശിച്ചിട്ടുള്ളത്.

പുതുതായി വികസിപ്പിച്ച കോവിഡ്19 പരിശോധാ കിറ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ട്രിവിട്രോണ്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജിഎസ്‌കെ വേലു പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഈ പരിശോധനാ കിറ്റിന്റെ പ്രവര്‍ത്തനക്ഷമതയും രോഗനിര്‍ണയ ശേഷിയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്.

ട്രിവിട്രോണിന്റെ ചൈനയിലെ സംയുക്തസംരഭമായ ലാബ്സിസ്റ്റംസ് ഡയഗ്‌നോസ്റ്റിക്സ് ഷാങ്ഡോംഗ് എന്ന കമ്പനിയുടെ ഇത്തരം പരിശോധനാ കിറ്റുകള്‍ക്ക് ചൈനയില്‍ അനുമതി ഉണ്ടെന്നും അവിടെ വില്‍ക്കുന്നുണ്ടെന്നും ഡോ. വേലു പറഞ്ഞു. ചൈനയിലെ തങ്ങളുടെ കമ്പനിയിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഈ പരിശോധനാ കിറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കോവിഡ്19 പരിശോധനാ കിറ്റുകളുടേയും ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണത്തിനായി കമ്പനി അഞ്ചു കോടി രൂപ വരെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഡോ. വേലു പറഞ്ഞു.